ജയന്ത് സിൻഹ | Photo: PTI
ന്യൂഡൽഹി: ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി മുൻകേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിൻഹ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് വോട്ട് ചെയ്തില്ല, എന്തുകൊണ്ട് പ്രചാരണത്തിൽ പങ്കെടുത്തില്ല എന്നൊക്കെ ചോദിച്ച് നോട്ടീസ് ലഭിച്ചതിൽ അത്ഭുതം തോന്നിയെന്ന് അദ്ദേഹം നല്‍കിയ മറുപടിയില്‍ പറയുന്നു.
രണ്ട് പേജിലായിരുന്നു ജയന്ത് സിൻഹയുടെ മറുപടി. താൻ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് പാർട്ടി ആഗ്രഹിച്ചിരുന്നെങ്കിൽ, തീർച്ചയായും എന്നെ ബന്ധപ്പെടാമായിരുന്നു. എന്നാൽ ഝാർഖണ്ഡിൽ നിന്നുള്ള ഒരു മുതിർന്ന നേതാവും തന്നെ സമീപിച്ചില്ലെന്നും പാർട്ടി പരിപാടികൾക്കോ റാലികൾക്കോ ക്ഷണിച്ചിരുന്നില്ലെന്നും സിൻഹ കത്തിൽ വ്യക്തമാക്കി.
മെയ് 1 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള റാലിയിലേക്ക് മനീഷ് ജയ്‌സ്വാൾ ക്ഷണിച്ചിരുന്നു. ഏപ്രിൽ 30 നായിരുന്നു ക്ഷണം. വൈകിയുള്ള അറിയിപ്പ് കാരണം തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്നും സിൻഹ പറഞ്ഞു. മെയ് 2 ന് ഹസാരിബാഗിലേക്ക് പോകേണ്ടിയിരുന്നതിനാൽ അദ്ദേഹത്തിന്റെ വസതിയിൽ ആശംസകൾ അറിയിക്കാൻ ചെന്നെങ്കിലും ജയ്‌സ്വാൾ അവിടെ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തെ ആശംസകൾ അറിയിച്ചു മടങ്ങിയെന്നും സിൻഹ കത്തിൽ വ്യക്തമാക്കി.
ഝാർഖണ്ഡ് ബി.ജെ.പി. ജനറൽ സെക്രട്ടറി അദിത്യ സാഹുവാണ് ജയന്ത് സിൻഹയ്ക്ക് നോട്ടീസ് അയച്ചത്. ജയന്തിന്റെ നടപടികൾ കാരണം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റെന്ന് കാരണംകാണിക്കൽ നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്. മനീഷ് ജയ്‌സ്വാളിനെ ഹസാരിബാഗ് ലോക്‌സഭാ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുമുതൽ സംഘടനാ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സിൻഹ പങ്കെടുത്തിട്ടില്ലെന്നും നോട്ടിസിൽ ചൂണ്ടികാണിച്ചിരുന്നു.
തന്നെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ജയന്ത് സിൻഹ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോട് ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാമാറ്റത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാറിനിൽക്കുന്നത് എന്നായിരുന്നു വിശദീകരണം. മണിക്കൂറുകൾക്കുള്ളിൽ മനീഷ് ജയ്‌സ്വാളിനെ ബി.ജെ.പി. ഹസാരിബാഗിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ജയന്തിന്റെ പിതാവ് യശ്വന്ത് സിൻഹ ലോക്‌സഭയിൽ പ്രതിനിധീകരിച്ച മണ്ഡലമാണ് ഹസാരിബാഗ്. 2009-ൽ യശ്വന്ത് സിൻഹയായിരുന്നു ഇവിടെ വിജയിച്ചത്. 2014-ൽ ഇവിടെ വിജയിച്ച ജയന്ത്, 2019-ലും വിജയം ആവർത്തിച്ചു. നരേന്ദ്രമോദി സർക്കാരിൽ ധനകാര്യ, വ്യോമയാന സഹമന്ത്രി സ്ഥാനങ്ങൾ ജയന്ത് സിൻഹ വഹിച്ചിരുന്നു. സിറ്റിങ് സീറ്റിൽ ജയന്തിനെ മത്സരിപ്പിച്ചാൽ തിരിച്ചടി നേരിടുമെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാനാർഥിയെ മാറ്റിയതെന്നാണ് വിവരം.
