Photo | PTI

അഹമ്മദാബാദ്: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ആവര്‍ത്തിച്ചുള്ള വിജയക്കുതിപ്പിന് തടയിടാന്‍ സഞ്ജുവും സംഘവും വേണ്ടിവന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ബെംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറിലേക്ക്. കോലിക്കും കൂട്ടര്‍ക്കും വീണ്ടുമൊരിക്കല്‍ക്കൂടി കണ്ണീര്‍ മടക്കം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു-174/6. തുടര്‍ച്ചയായ ആറ് വിജയങ്ങളുടെ പകിട്ടുമായെത്തിയാണ് ബെംഗളൂരു രാജസ്ഥാനു മുന്നില്‍ കൂപ്പുകുത്തിയത്. അതേസമയം രാജസ്ഥാനാവട്ടെ, ആദ്യ ഘട്ടത്തിലെ അപരാജിത കുതിപ്പിനുശേഷം തുടര്‍ച്ചയായ നാല് തോല്‍വികളും മഴ മൂലം ഉപേക്ഷിച്ച ഒരു മത്സരവും കഴിഞ്ഞാണ് തിരിച്ചുവരവിന്റെ പാത വെട്ടിയത്.

ബൗളിങ്ങില്‍ അശ്വിനും ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും ചേര്‍ന്ന് ബെംഗളൂരു ബാറ്റിങ് നിരയ്ക്ക് വലിയ സ്‌കോര്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും ഇംപാക്ട് പ്ലെയറായെത്തിയ ഷിംറോണ്‍ ഹെറ്റ്മയറും ചേര്‍ന്ന് മികച്ച രീതിയില്‍ ബാറ്റുവീശി രാജസ്ഥാന് ജയമൊരുക്കി.

പവര്‍പ്ലേയില്‍ ട്രെന്റ് ബോള്‍ട്ട് നടത്തിയ മിന്നുന്ന ബൗളിങ് പ്രകടനം ഏറക്കുറെ ബെംഗളൂരുവിന്റെ ബാറ്റിങ് താളംതെറ്റിച്ചു എന്നുപറയാം. ഓപ്പണിങ് ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട്, മൂന്നാം ഓവറിലെത്തി മൂന്ന് റണ്‍സ് നല്‍കി. അഞ്ചാം ഓവറും ബോള്‍ട്ടിനെ എറിയിക്കാനുള്ള സഞ്ജുവിന്റെ തന്ത്രം വിജയം കണ്ടു. ഓവറില്‍ മൂന്ന് റണ്‍സേ വിട്ടുകൊടുത്തുള്ളൂ എന്നുമാത്രമല്ല, കത്തിക്കയറി വരികയായിരുന്ന ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ (14 പന്തില്‍ 17) വീഴ്ത്താനും ബോള്‍ട്ടിനായി. റോവ്മാന്‍ പവലിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പവര്‍പ്ലേയില്‍ മൂന്നോവര്‍ എറിഞ്ഞ ബോള്‍ട്ട് വഴങ്ങിയത് എട്ട് റണ്‍സ്. ഒരു വിക്കറ്റും. അശ്വിന്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ജയ്‌സ്വാളും കോലര്‍ കാഡ്മറും രാജസ്ഥാന് മികച്ച തുടക്കം നല്‍കി. ഫെര്‍ഗൂസന്റെ ആറാം ഓവറില്‍ കാഡ്മറാണ് ആദ്യം പുറത്തായത് (15 പന്തില്‍ 20). പത്താം ഓവറില്‍ ജയ്‌സ്വാളും (30 പന്തില്‍ 45) മടങ്ങി. തൊട്ടടുത്ത ഓവറില്‍ ക്രീസില്‍നിന്ന് കയറിയടിക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണെ കാർത്തിക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി (13 പന്തില്‍ 17).

12-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 14-ാം ഓവറില്‍ ധ്രുവ് ജുറേല്‍ റണ്ണൗട്ടായി (8) മടങ്ങിയതോടെ ടീം വീണ്ടും അപകടം മണത്തു. എന്നാല്‍ പിന്നീട് റിയാന്‍ പരാഗും ഹെറ്റ്മയറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. 18-ാം ഓവറില്‍ പരാഗ് (26 പന്തില്‍ 36) വീഴുമ്പോള്‍ ടീം ഏതാണ്ട് വിജയവഴിയിലെത്തിയിരുന്നു. അതേ ഓവറില്‍ത്തന്നെ സിറാജ് ഹെറ്റ്മയറിനെയും പുറത്താക്കി (14 പന്തില്‍ 26). പിന്നീട് റോവ്മാന്‍ പവലും (8 പന്തില്‍ 16) അശ്വിനെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിര്‍ത്തി ഒരോവര്‍ ബാക്കി നില്‍ക്കേ ബെംഗളൂരുവിനെ വിജയിപ്പിക്കുകയായിരുന്നു.

നേരത്തേ രജത് പാട്ടിദറിന്റെയും (34) ഓപ്പണര്‍ വിരാട് കോലിയുടെയും (33) മഹിപാല്‍ ലാംററിന്റെയും (32) ഇന്നിങ്‌സുകളാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പവര്‍പ്ലേയില്‍ ബോള്‍ട്ടിനെ പ്രഹരിക്കാന്‍ ധൈര്യപ്പെട്ടില്ലെങ്കിലും മറ്റ് ഓവറുകളില്‍ ബെംഗളൂരു റണ്‍സ് കണ്ടെത്തി. സന്ദീപ് ശര്‍മയെ 12 റണ്‍സ്, ആവേശ് ഖാനെ 17 റണ്‍സ്, സന്ദീപ് ശര്‍മയെ വീണ്ടും 13 റണ്‍സ് എന്ന വിധത്തിലാണ് പവര്‍പ്ലേയില്‍ അടിച്ചകറ്റിയത്. ഇതോടെ പവര്‍പ്ലേയില്‍ 50-ന് ഒന്ന് എന്ന നിലയിലായി. എട്ടാം ഓവറില്‍ കോലിയും (24 പന്തില്‍ 33) മടങ്ങി. ഇതിനിടെ കോലി ഐ.പി.എലില്‍ 8,000 റണ്‍സ് നേടുന്ന ആദ്യ താരമായി മാറി ചരിത്രം കുറിച്ചു.

22 പന്തില്‍ 34 റണ്‍സുമായി രജത് പാട്ടിദര്‍ മധ്യത്തിലും 17 പന്തില്‍ 32 റണ്‍സുമായി മഹിപാല്‍ ലാംറര്‍ അവസാനത്തിലും ഇടപെട്ടതാണ് ബെംഗളൂരുവിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് വീതം സിക്‌സും ഫോറും നേടി. കാമറോണ്‍ ഗ്രീന്‍ (21 പന്തില്‍ 27), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), രജത് പാട്ടിദര്‍ (22 പന്തില്‍ 34), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 11), സ്വപ്‌നില്‍ സിങ് (4 പന്തില്‍ 9*), കരണ്‍ ശര്‍മ (4 പന്തില്‍ 5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

അശ്വിന്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ നാലോവറില്‍ 48 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് നേടിയപ്പോള്‍, ആവേശ് ഖാന്റെ മൂന്ന് വിക്കറ്റ് നാലോവറില്‍ 44 റണ്‍സ് വഴങ്ങിയാണ്. ചാഹല്‍ 43 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തി.