ബുധനാഴ്ച വൈകീട്ടു പെയ്ത ശക്തമായ മഴയിൽ ആലപ്പുഴ നഗരത്തിൽ എ.വി.ജെ ജംഗ്ഷന് സമീപമുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങളും കാൽനടക്കാരും.
കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിരുവനന്തപുരം: രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി ഇടി- മിന്നല്‍- മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെയുള്ള കാറ്റ്- എന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒമ്പതു ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്. സംസ്ഥാനത്ത് പലയിടത്തം മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടിയിടാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു.
പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മരങ്ങള്‍ വീടിനുമുകളിലേക്ക് വീണ് വീട് തകര്‍ന്ന് ഒരാള്‍ക്കുപരിക്കേറ്റു. കോഴിക്കോട് സായ്‌കേന്ദ്രത്തിലും വെള്ളം കയറി.
കൊച്ചിയില്‍ താഴ്‌ന പ്രദേശങ്ങളില്‍ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങള്‍ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്.ആര്‍.എം. റോഡ്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂര്‍ ആസാദ് റോഡ്, പാലാരിവട്ടം, എം.ജി. റോഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പരിസരം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി.
