പ്രതിയെ പിടികൂടാനായി അത്യാഹിത വിഭാഗത്തിലേക്ക് പോലീസ് വാഹനവുമായെത്തിയപ്പോൾ| ഫോട്ടോ:X @SachinGuptaUP

ദെഹ്‌റാദൂുണ്‍: ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാന്‍ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന നഴ്‌സിങ് ഓഫീസറെ പിടികൂടാനായാണ് പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസര്‍ തിയറ്ററിനുള്ളില്‍വെച്ച് വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് ആരോപണം. നഴ്‌സിങ് ഓഫീസറെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് എയിംസ് ഋഷികേശിലെ മറ്റു ഡോക്ടര്‍മാര്‍ ഡീനിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരിന്നു.

ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ പോലീസ് പ്രതിയെ പിടികൂടാനായി വാഹനവുമായി അകത്തേക്ക് കയറുകയായിരുന്നു. സസ്പന്‍ഷിലായ സതീഷ് വനിതാ ഡോക്ടര്‍ക്ക് അശ്ലീല ചുവയോടെ ഫോണില്‍ സന്ദേശമയച്ചെന്ന പരാതിയും ലഭിച്ചതായി പോലീസ് അറിയിച്ചു. സസ്പെന്‍ഷനിലുള്ള സതീഷിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.