Photo | AP, x.com/RichKettle07

അഹമ്മദാബാദ്: ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്ററില്‍ വിവാദമായി തേഡ് അമ്പയറുടെ തീരുമാനം. ബെംഗളൂരു താരം ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് വിവാദം. 15-ാം ഓവറില്‍ ആവേശ് ഖാനെറിഞ്ഞ പന്തില്‍ കാര്‍ത്തിക്ക് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു.

കാര്‍ത്തിക് ക്രീസ് വിട്ട് മടങ്ങാനൊരുങ്ങിയപ്പോള്‍ മറുവശത്തുണ്ടായിരുന്ന മഹിപാല്‍ ലാംറര്‍ റിവ്യൂ നല്‍കാന്‍ നിര്‍ദേശിച്ചു. റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്നും അതിനാല്‍ ഔട്ട് നല്‍കാനാവില്ലെന്നും തേഡ് അമ്പയര്‍ വിധിച്ചു. എന്നാല്‍ ബാറ്റ് കാര്‍ത്തിക്കിന്റെ പാഡില്‍ തട്ടിയതാണെന്നാണ് മറ്റൊരു വാദം. ഇതോടെ വിവാദം മുറുകി.

കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ ബാറ്റ് പാഡില്‍ തട്ടിയതാണെന്ന് വാദിച്ച് രംഗത്തെത്തി. പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തേഡ് അമ്പയറുടെ തീരുമാനത്തിനെതിരേ രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സങ്കക്കാര അധികൃതരോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അതേസമയം 13 പന്തില്‍ 11 റണ്‍സ് നേടി കാര്‍ത്തിക് പുറത്തായി.