കരിപ്പൂർ വിമാനത്താവളം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മഴ കനക്കും. ആലപ്പുഴ മുതല്‍ വയനാട് വരെ ഒമ്പതുജില്ലകളില്‍ അതിശക്തമായ മഴയ്ക്കുസാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്. മലയോരമേഖലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

കോഴിക്കോട് അന്താരാഷ്ട്രാവിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് വൈകുകയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ് വൈകുന്നത്. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടിയിടാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. .

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു.

പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മരങ്ങള്‍ വീടിനുമുകളിലേക്ക് വീണ് വീട് തകര്‍ന്ന് ഒരാള്‍ക്കുപരിക്കേറ്റു. കോഴിക്കോട് സായ്‌കേന്ദ്രത്തിലും വെള്ളം കയറി.

കൊച്ചിയില്‍ താഴ്‌ന പ്രദേശങ്ങളില്‍ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങള്‍ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്.ആര്‍.എം. റോഡ്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂര്‍ ആസാദ് റോഡ്, പാലാരിവട്ടം, എം.ജി. റോഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പരിസരം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിന് കുറവുണ്ട്.

തിരുവനന്തപുരത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്.