അപകടമുണ്ടാക്കിയ കാറും മരണപ്പെട്ടവരും: ഫോട്ടോ| എക്‌സ്‌

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനീയര്‍മാര്‍ മരിക്കുകയായിരുന്നു.

പുണെ: ആഡംബര കാര്‍ അമിത വേഗതയിലോടിച്ച് 17 കാരന്‍ പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മരിച്ച യുവാവ് അനിഷ് അവാഡിയയുടെ അമ്മ സവിത അവാഡിയ.

അവന്‍ തന്റെ മകനെ കൊന്നെന്നും നടന്നത് വെറും അപകടമല്ല കൊലപാതകമാണെന്നും സവിത അവാഡിയ പ്രതികരിച്ചു. നഷ്ടം ഞങ്ങള്‍ക്കും കുടുംബത്തിനും മാത്രമാണ്. കൗമാരക്കാരന്‍ ചെയ്ത വലിയ തെറ്റിന് ഇരയാവുകയായിരുന്നു അനിഷും അശ്വനിയും. അവന്‍ ആ തെറ്റ് ചെയ്തിരുന്നില്ലെങ്കില്‍ ഇന്നും അനിഷ് ഞങ്ങള്‍ക്കൊപ്പമുണ്ടാവുമായിരുന്നെന്നും സവിത അവാഡിയ പറഞ്ഞു.

തെറ്റുചെയ്തര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. അവനെ സംരക്ഷിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവര്‍ പണമുള്ളവരാണ്. അതുകൊണ്ട് ഏത് വിധേനയും അവനെ രക്ഷിക്കാന്‍ ശ്രമിക്കും. പക്ഷെ എന്റെ മകന്‍ മരണപ്പെട്ടു. മെയ് മൂന്നിനാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്ന് തന്റെ വിവാഹ സമ്മാനം വാങ്ങിച്ചുവെച്ചിട്ടുണ്ടെന്നും അതുമായി വീട്ടിലേക്ക് വരുംദിവസങ്ങളില്‍ എത്താമെന്നും പറഞ്ഞ് വിളിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ലെന്നും സവിത കണ്ണീരോടെ ഓര്‍ത്തു. മകന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കുമെന്നും സവിത പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.