പ്രതീകാത്മക ചിത്രം | Photo: Facebook/ Peshawar Electric Supply Company
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ വൈദ്യുതി മോഷണത്തിന് മുന്നുവയസ്സുകാരനെതിരെ കേസ്. പെഷവാര്‍ ഇലക്ട്രിക് സപ്ലൈ കമ്പനി, വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവരില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പ്രഥമവിവരറിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
മൂന്നുവയസ്സുകാരനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിന് മുമ്പാകെ ഹാജരാക്കി. കുട്ടിയുടെ അഭിഭാഷകനില്‍നിന്ന് ലഭിച്ച സത്യവാങ്മൂലത്തെത്തുടര്‍ന്ന് കേസ് കോടതി റദ്ദാക്കി. അതേസമയം, കേസില്‍ കുട്ടിയുടെ പങ്കിനെക്കുറിച്ച് ഡബ്ല്യൂ.എ.പി.ഡി.എ, പി.ഇ.എസ്.സി.ഒ. ഉദ്യോഗസ്ഥര്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചു.
വൈദ്യുതി വിതരണശൃഖലയില്‍നിന്നുള്ള മോഷണത്തില്‍ രാജ്യത്തിന് 43800 പാകിസ്താന്‍ രൂപയുടെ നഷ്ടമുണ്ടായതായി അടുത്തിടെ വെളിപ്പെടുത്തലുണ്ടായിരുന്നു. മോശം പ്രവര്‍ത്തനത്തെത്തുടര്‍ന്ന് വിവിധ മേഖലകളിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പ്രവിശ്യാസര്‍ക്കാരുകള്‍ക്ക് ബാധ്യതയാകും വിധം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് അധിക വൈദ്യുതിക്കരം ഈടാക്കുന്നതില്‍ പഞ്ചാബ് എനര്‍ജി ഡിപ്പാര്‍ട്‌മെന്റ് ആശങ്ക അറിയിച്ചിരുന്നു.
