കൊല്ലപ്പെട്ട ദീപക് രാജ | Screengrab Courtesy: Youtube.com/Puthiyathalamurai TV

മറ്റ് ഗുണ്ടാ സംഘങ്ങളില്‍നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള നിയമവിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്നു.

ചെന്നൈ: തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. നാങ്കുനേരി സ്വദേശി ദീപക് രാജയെയാണ് (35) തിങ്കളാഴ്ച ഉച്ചയോടെ പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ ദീപക് മരിച്ചു.

12 വര്‍ഷംമുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ ഏഴ് കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മറ്റ് ഗുണ്ടാ സംഘങ്ങളില്‍നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള നിയമവിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്നു.

അടുത്തമാസം ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുമുന്നോടിയായി കാമുകിക്കും സുഹൃത്തുകള്‍ക്കുമായി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം.

ദീപക് പ്രതിയായ കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. റസ്റ്ററന്റ് പരിസരത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ ശ്രമംനടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.