Photo: Maruti Suzuki

മാരുതിയുടെ ഇസഡ് സീരീസ് എന്‍ജിനിലൊരുങ്ങുന്ന ആദ്യ വാഹനമാണ് നാലാം തലമുറ സ്വിഫ്റ്റ്.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മെക്കാനിക്കലായുള്ള മാറ്റം പ്രധാന ഹൈലൈറ്റാക്കി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ സി.എന്‍.ജി. മോഡലും വൈകാതെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ മോഡലുകള്‍ക്ക് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത 25 കിലോമീറ്ററോളം ആണെങ്കില്‍ സി.എന്‍.ജി. മോഡലുകളുടെ മൈലേജ് 35 കിലോമീറ്ററോളം വരുമെന്നാണ് വിലയിരുത്തലുകള്‍.

മാരുതിയുടെ ഇസഡ് സീരീസ് എന്‍ജിനിലൊരുങ്ങുന്ന ആദ്യ വാഹനമാണ് നാലാം തലമുറ സ്വിഫ്റ്റ്. റെഗുലര്‍ സ്വിഫ്റ്റില്‍ നല്‍കുന്ന Z12E എന്‍ജിന്‍ തന്നെയായിരിക്കും സി.എന്‍.ജി. മോഡലിലും നല്‍കുക. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിന്‍ 81.58 പി.എസ്. പവറും 112 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ സി.എന്‍.ജി. മോഡലില്‍ ഇത് അല്‍പ്പം കുറയുമെന്നാണ് വിലയിരുത്തലുകള്‍. കൃത്യമായ കണക്കുകള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും.

വിലയിലും പെട്രോള്‍ സ്വിഫ്റ്റിനെക്കാള്‍ മുന്നിലായിരിക്കും സി.എന്‍.ജി. മോഡല്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ സി.എന്‍.ജി. മോഡല്‍ എത്തൂ. മാനുവല്‍ ട്രാന്‍സ്മിഷന്‍ പെട്രോള്‍ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയെങ്കില്‍ സി.എന്‍.ജി. പതിപ്പിന് ഇതിനെക്കാള്‍ 90,000 രൂപയോളം അധിക വിലയാകുമെന്നാണ് വിലയിരുത്തല്‍. ഏത് വേരിയന്റിനെ അടിസ്ഥാനമാക്കി ആയിരിക്കും സി.എന്‍.ജി. ഒരുങ്ങുകയെന്ന് വ്യക്തമല്ല.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ മാനുവല്‍ ട്രാന്‍സ്മിഷന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 25.75 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നല്‍കുന്നത്. സി.എന്‍.ജിയിലേക്ക് വരുമ്പോള്‍ കിലോഗ്രാമിന് 35 കിലോമീറ്ററോളം മൈലേജ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോ സി.എന്‍.ജിയും ടാറ്റ ടിയാഗോ സി.എന്‍.ജിയുമായായിരിക്കും സ്വിഫ്റ്റിന്റെ സി.എന്‍.ജി. മത്സരിക്കുക. വരും മാസങ്ങളില്‍ ഈ മോഡലിനെ നിരത്തില്‍ പ്രതീക്ഷിക്കാം.

ലുക്കിലും ഫീച്ചറിലും മാറ്റങ്ങളും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗിന്റെ സുരക്ഷയും ഉറപ്പാക്കിയാണ് നാലാം തലമുറ സ്വിഫ്റ്റ് എത്തിയിട്ടുള്ളത്. ക്ലാംഷെല്‍ ബോണറ്റ്, എല്‍-ഷേപ്പ് ഡി.ആര്‍.എല്ലും സ്‌ക്വയര്‍ പ്രൊജക്ഷന്‍ ലാമ്പും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള ഗ്രില്ല്, പുതുമയുള്ള അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് പുതിയ സ്വിഫ്റ്റിന് ലുക്കില്‍ മാറ്റം നല്‍കുന്നത്. ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയവയിലെ മാറ്റമാണ് ഇന്റീരിയറിന് പുതുമ നല്‍കുന്നത്.