എസ്. സോമനാഥ്

ക്ഷേത്രങ്ങള്‍ നാമജപത്തിന് മാത്രമല്ല, അത് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്രകാര്യനിര്‍വഹണസമിതികള്‍ പ്രവര്‍ത്തിക്കണം.

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ നാമജപത്തിന് മാത്രമല്ല, അത് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്രകാര്യനിര്‍വഹണസമിതികള്‍ പ്രവര്‍ത്തിക്കണം.

യുവതയെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ സ്ഥാപിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ കൂടുതല്‍ യുവജനങ്ങളെ പ്രതീക്ഷിച്ചിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുക്കാന്‍ എത്തിയത്. വായനയ്ക്കും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ കൂടുതലാളുകള്‍ ക്ഷേത്രങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പുരസ്‌കാരം സമ്മാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, വി.കെ.പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.