1. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം അപകടസ്ഥലത്തുനിന്ന് കൊണ്ടുപോകുന്നു, 2. ഇബ്രാഹിം റെയ്സി | Photos: 1. Screen grab of video uploaded on X (twitter) by @PressTV, 2. AFP
ഞായറാഴ്ച വൈകീട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇറാന്റെ എട്ടാമത് പ്രസിഡന്റായ ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടത്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയിലാണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.
ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടേയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍ ഉള്‍പ്പെടെയുള്ളവരുടേയും മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആര്‍.സി.എസ്) മേധാവി പിര്‍ ഹൊസൈന്‍ കൊലിവാന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ടബ്രിസിലെ രക്തസാക്ഷികളെ അടക്കം ചെയ്ത കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രത്യേക സ്ഥലത്തേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
ഞായറാഴ്ച വൈകീട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇറാന്റെ എട്ടാമത് പ്രസിഡന്റായ ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടത്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയിലാണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.ആര്‍.സി.എസ്. പ്രവര്‍ത്തകരും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഏറെ ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഈ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്ന് റെഡ് ക്രെസന്റ് പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
അതേസമയം പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബര്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന് ഇറാന്റെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അറിയിച്ചു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടന പ്രകാരം പരമോന്നത നേതാവിന്റെ അംഗീകാരത്തോടെയാണ് മൊഖ്ബര്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുകയെന്നും ഗാര്‍ഡിയന്‍ കൗണ്‍സില്‍ വക്താവ് ഹാദി തഹന്‍ നാസിഫ് അറിയിച്ചു. ഇതിന് ശേഷം 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തും. ഇടക്കാല പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായ വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തുക. പ്രസിഡന്റിന്റെ മരണത്തില്‍ ഇറാന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഹാദി തഹന്‍ നാസിഫ് പറഞ്ഞു. രാജ്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തടസമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
