തിരുവനന്തപുരം മണക്കാട് കുരിയാത്തി ഭാഗത്തെ റോഡിലെ വെള്ളക്കെട്ട്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടതിനേക്കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മഴപെയ്തതോടെ യാത്ര ദുസ്സഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണില്‍ പരിഗണിക്കും.
നഗരത്തിലെ 80 റോഡുകളാണ് സ്മാര്‍ട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകള്‍ നവീകരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴചെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂര്‍ത്തിയാക്കാനുണ്ട്.
ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. നിര്‍മ്മാണം എന്നു തുടങ്ങിയെന്നും എന്നു പൂര്‍ത്തിയാകുമെന്നും ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലില്‍ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
