അപകടത്തിൽപ്പെട്ട കാർ, Photo:ANI

പുണെ (മഹാരാഷ്ട്രാ): ആഢംബര കാറിടിച്ച് പുണെയില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന് ജാമ്യം. ഉപാധികളോടെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയത്. അപകടത്തെക്കുറിച്ച് വിശദമായ ഉപന്യാസമെഴുതുക, ട്രാഫിക് പോലീസിനൊപ്പം 15 ദിവസം ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. മേയ് 19-ഞായറാഴ്ചയാണ് 17-കാരന്‍ ഓടിച്ച കാര്‍ മോട്ടോര്‍സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചത്.

യെരവാഡയിലെ ട്രാഫിക് പോലീസിനൊപ്പം 15-ദിവസം ജോലി ചെയ്യണമെന്നും അപകടത്തെപറ്റി ഉപന്യാസമെഴുതണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. മദ്യപാനം നിര്‍ത്താനായി ഡോക്ടറുടെ സഹായം തേടുക, സൈക്കാട്രിക് കൗണ്‍സിലിങ് തുടങ്ങിയ ഉപാധികളും ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് ഹാജരാക്കിയത്. ജാമ്യം നിഷേധിക്കാന്‍ തക്ക ഗൗരവം കേസിലുണ്ടെന്ന് കോടതിക്ക് കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത് 14-മണിക്കൂറിന് ശേഷമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുന്നത്.

17-കാരന്റെ പിതാവിനെതിരേയും മദ്യം നല്‍കിയ ബാറിനെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75,77 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 75-ാം വകുപ്പ് പ്രകാരം രക്ഷാധികാരി കുട്ടിയെ ആക്രമിക്കുകയോ ഉപേക്ഷിക്കുകയോ മനപൂര്‍വ്വം അവഗണിക്കുകയോ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയോ ചെയ്താല്‍ ശിക്ഷിക്കാം. കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് സംബന്ധിച്ചാണ് 77-ാം വകുപ്പ്.