പ്രതീകാത്മക ചിത്രം | Photo: @Unrulycat2511

ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റ‍ർ മലയിടുക്കിൽ തട്ടി തർന്നുവീണതാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും റെയ്സിയുടെ മരണവാർത്ത സ്ഥിരീകരിച്ചത് തിങ്കളാഴ്ച രാവിലെയാണ്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചതോടെ രക്ഷാപ്രവർത്തകസംഘത്തിന് അപകടസ്ഥലത്തേക്കെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. അപകടസ്ഥലം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ പോലും സാധിക്കാതിരുന്ന സാഹചര്യത്തിലാണ് തുർക്കി സൈന്യത്തിന്റെ ഹൈ ആൾറ്റിറ്റ്യൂഡ് ആളില്ലാവിമാനമായ ‘ബെയ്​രക്തർ അകിൻച്’ നിർണായകമായ കണ്ടെത്തൽ നടത്തിയത്.

വിമാനത്തിന്റെ തെർമൽ സെൻസിങ് സംവിധാനമുപയോ​ഗിച്ച് താപവ്യത്യാസം പരിശോധിച്ചാണ് വിമാനം അപകടസ്ഥലം കണ്ടെത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവ കണ്ടെത്തിയതിന് ശേഷം കോർഡിനേറ്റുകൾ ഇറാൻ അധികൃതർക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

വ്യത്യസ്തമായ വിങ് ഡിസൈനും രൂപകൽപനയുമുള്ള വിമാനം ദീർഘനേരം തുടർച്ചയായി പ്രവർത്തിക്കുമെന്നതാണ് ബെയ്​രക്തർ അകിൻചിനെ സവിശേഷമാക്കുന്നത്. 40,000 അടി വരെ ഉയരത്തിൽ പറക്കാനാകുന്ന വിമാനമാണ് അകിൻച്. കൂടാതെ, വൻ ആയുധശേഖരവും സെൻസറുകളും വഹിക്കുന്നതിനും അകിൻച് പ്രാപ്തമാണ്.

ചലിക്കുന്ന കാറുകൾ ഉൾപ്പെടെ ലക്ഷ്യംവച്ച് തകർക്കാനാകുന്നതാണ് അകിൻചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർമിതബുദ്ധിയുടെ സഹായത്തിലുള്ള പ്രവർത്തനവും സാധ്യമാണ് ഈ അത്യാധുനിക വിമാനത്തിൽ. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഇലക്‌ട്രോണിക് യുദ്ധസാമ ഗ്രികൾ, ഇൻ്റലിജൻസ് സെൻസറുകൾ തുടങ്ങി സങ്കീർണമായ നിരവധി സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ബെയ്​രക്തർ അകിൻച് പ്രവർത്തിക്കുന്നത്.

കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി. മൂന്ന് ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

2021 ജൂണിലാണ് ഇബ്രാഹിം റെയ്സി ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.