പോലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടകൾ, ഇവരിൽനിന്ന് കണ്ടെടുത്ത തോക്കും

പരപ്പനങ്ങാടി (മലപ്പുറം): ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ആയുധങ്ങളുമായി കാറിലെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘം എത്തിയ വാഹനത്തില്‍ വടിവാളുകളും തോക്കുകളും കണ്ടെത്തി.

അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയില്‍നിന്നെത്തിയ സംഘമാണ് ആലുങ്ങല്‍ ബീച്ചിലെത്തിയതെന്നാണ് പ്രാഥമിക വിവരം.

ഗുണ്ടാസംഘത്തില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍

ഇവരുടെ സ്വര്‍ണം തട്ടിയവരെ തേടിയെത്തിയതാണ് സംഘം. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ഒരാള്‍ നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടി. ഇതോടെയാണ് അക്രമിസംഘത്തെ നാട്ടുകാര്‍ നേരിട്ടത്. വൈകാതെ പരപ്പനങ്ങാടി പോലീസെത്തി. എന്നാല്‍, പിടികൂടിയവരെ വിട്ടയയ്ക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പിന്നീട് പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.