മരിച്ച ഷൈജു,സുബീഷ്

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ച് സിപിഎം. പാനൂരിലെ ഷൈജു, സുബീഷ് എന്നിവർക്കായി പണിത മന്ദിരം മേയ് 22-ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.

2015 ജൂൺ ആറിനായിരുന്നു സിപിഎം പ്രവർത്തകരായ ഷൈജുവും സുബീഷും സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, മരിച്ച ഇരുവർക്കും തൊട്ടടുത്ത വർഷം രക്തസാക്ഷി പരിവേഷം നൽകി. രക്തസാക്ഷി മന്ദിരം നിർമിക്കാൻ സിപിഎം നേതൃത്വത്തിൽ ധനസമാഹരണവും ആരംഭിച്ചു. ഈ മന്ദിരമാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകനായിരുന്ന ഷെറിൻ കൊല്ലപ്പെട്ടിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു അന്നും സിപിഎമ്മിന്റെ വിശദീകരണം.