Photo:X.com/Haroon Mustafa

വംഖഡെ: ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ ഈ ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരമായിരുന്നു ലഖ്‌നൗവിനെതിരേ വെള്ളിയാഴ്ച നടന്നത്. ലീഗിലെ മുംബൈയുടെ അവസാനമത്സരം കൂടിയായിരുന്നു അത്. മത്സരം മുംബൈ തോറ്റതിനൊപ്പം അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ പ്രകടനവും വിമര്‍ശിക്കപ്പെട്ടു. പരിക്കേറ്റ് വാംഖഡെയില്‍ നിന്ന് മടങ്ങിയ താരത്തിനെതിരേ നിരവധി ട്രോളുകളുമുയര്‍ന്നു.

മത്സരത്തിന്റെ പവര്‍പ്ലേയില്‍ അര്‍ജുന്‍ എറിഞ്ഞ ആദ്യ രണ്ടോവറുകളും മികച്ചതായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ താരം പന്തെറിയാനെത്തി. അഞ്ച് ഡോട്ട് ബോളുകളുള്‍പ്പെടെ മൂന്ന് റണ്‍സ് മാത്രമാണ് ആ ഓവറില്‍ വഴങ്ങിയത്. പിന്നാലെ അഞ്ചാം ഓവറും അര്‍ജുന്‍ എറിഞ്ഞു. ആ ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയതോടെ രണ്ടോവറില്‍ 10-റണ്‍സാണ് അര്‍ജുന്‍ വിട്ടുകൊടുത്തത്.

എന്നാല്‍, മൂന്നാം ഓവറില്‍ കഥ മാറി. 14-ഓവറില്‍ ലഖ്‌നൗ 130-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് അര്‍ജുന്‍ മൂന്നാം ഓവര്‍ എറിയാനെത്തിയത്. നിക്കോളാസ് പുരാന്‍ വെടിക്കെട്ട് നടത്തിക്കൊണ്ടിരിക്കുന്ന സമയം. അര്‍ജുന്‍ എറിഞ്ഞ ആദ്യ രണ്ട് പന്തും പുരാന്‍ അതിര്‍ത്തികടത്തി. പിന്നാലെ പരിക്കേറ്റ താരം ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ടു. പകരം നമാന്‍ ധിര്‍ ഓവര്‍ പൂര്‍ത്തിയാക്കി. ഓവറില്‍ 29-റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്.

പിന്നാലെ, സമൂഹമാധ്യമങ്ങള്‍ അര്‍ജുനെതിരായ ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. സച്ചിനാണ് അര്‍ജുനേക്കാളും മികച്ച ബൗളറെന്നും ഉയര്‍ന്ന നിലവാരത്തില്‍ പന്തെറിയാന്‍ അർജുന് കെല്‍പ്പില്ലെന്നും കമന്റുകളെത്തി. ഓവറിലെ ബാക്കി പന്തുകളും സിക്‌സറടിക്കുമെന്ന ഭയംകൊണ്ടാണ് താരം കളംവിട്ടതെന്നടക്കമുള്ള വാദങ്ങളും പലരും ഉയര്‍ത്തി. മത്സരത്തില്‍ 18-റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്.