അതുൽ

അടുക്കളയില്‍വെച്ചും ടെറസിന്റെ മുകളില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

ചാവക്കാട്(തൃശ്ശൂര്‍): പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവിതാവസാനംവരെ തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. മറ്റ് വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവുംകൂടി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും നാലുമാസവുംകൂടി തടവ് അനുഭവിക്കണം.

2022-ല്‍ അതിക്രമം നടക്കുമ്പോള്‍ അതുലിന് 19 വയസ്സായിരുന്നു. അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അടുക്കളയില്‍വെച്ചും ടെറസിന്റെ മുകളില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പാവറട്ടി പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

എസ്.ഐ. പി.എം. രതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ. എം.സി. റെജിക്കുട്ടി, ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.