Photo | PTI

ഹൈദരാബാദ്: മഴ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് നേരത്തേതന്നെ പ്ലേഓഫ് കടക്കാതെ പുറത്തായതാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകീട്ട് മുതല്‍ തന്നെ മഴയുണ്ട്. ഏറിയും കുറഞ്ഞും മഴ തുടര്‍ന്നതോടെ അമ്പയര്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരെ വിളിച്ച് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചു. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സാധ്യതകളെയും ഇല്ലാതാക്കി.

ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ബെംഗളൂരുവിനും കയറിപ്പറ്റാം. അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അടുത്ത മത്സരം വലിയ മാര്‍ജിനില്‍ത്തന്നെ വിജയിക്കണമെന്നതിനാല്‍ സാധ്യത വിദൂരമാണ്.

നിലവില്‍ 15 പോയിന്റുമായി മൂന്നാമതാണ് ഹൈദരാബാദ്. അടുത്ത കളിയില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍ക്കുകയും ചെയ്താല്‍ ഹൈദരാബാദിന് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താം. അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരേ ജയിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്താം. ഹൈദരാബാദില്‍ ഇതാദ്യമായാണ് ഐ.പി.എല്‍. മത്സരം ഉപേക്ഷിക്കുന്നത്. ഗുജറാത്തിന് സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം മഴമൂലം നഷ്ടപ്പെട്ടു.