ദിലീപ്

മലയിന്‍കീഴ്(തിരുവനന്തപുരം): സ്ത്രീധനത്തിന്റെപേരില്‍ ഭാര്യയെ വര്‍ഷങ്ങളായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് മച്ചേല്‍ കുരുവിന്‍മുകള്‍ സീതാലയത്തില്‍ ഓട്ടോ ഡ്രൈവറായ ജി.ദിലീപി(29)നെയാണ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുന്‍പ് മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ഇതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഇയാളെ മലയിന്‍കീഴ് പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ഭാര്യയുമായി ബന്ധം സ്ഥാപിച്ച് ഇരട്ടക്കലുങ്കില്‍ വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.

രണ്ടു ദിവസം മുന്‍പ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയും തല ചുമരിലിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരേ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.

ഒളിവില്‍പ്പോയ പ്രതിയെ പോലീസ് പിടികൂടി. മലയിന്‍കീഴ് എസ്.എച്ച്.ഒ. എ.നിസാമുദീന്റെ നേതൃത്വത്തില്‍ ജി.എസ്.ഐ. ഗോപകുമാര്‍, ജി.എസ്.സി.പി.ഒ. അനില്‍കുമാര്‍, സി.പി.ഒ.മാരായ ദീപു, ശ്രീജിത്ത്, ഷിജുലാല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.