അഗത്തി വിമാനത്താവളം
അഗത്തി: അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങിയതോടെ മറ്റു വിമാന സർവീസുകളും മുടങ്ങി. നൂറു കണക്കിന് മലയാളികൾ കേരളത്തിലെത്താൻ കഴിയാതെ വലയുകയാണ്. കൂട്ടത്തിൽ കുട്ടികളും വയോധികരുമെല്ലാമുണ്ട്. വ്യാഴാഴ്ച്ച കേടായ വിമാനം വെള്ളിയാഴ്ച്ച ഉച്ചയായിട്ടും നന്നാക്കിയിട്ടില്ല.
16-ന് വ്യാഴാഴ്ച ഉച്ചക്ക് 11 മണിയോടെ ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. യാത്രക്കാരെ കയറ്റി അൽപസമയം കഴിഞ്ഞപ്പോൾത്തന്നെ എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്നും പറക്കാനാവില്ലെന്നും അറിയിച്ചു. യാത്രക്കാരെ തിരിച്ച് പവലിയനിലെത്തിച്ചു.
ഈ വിമാനം ഇവിടന്ന് നീക്കാതെ മറ്റൊരു വിമാനത്തിന് ഇവിടെ വരാനാവില്ല. അത്രക്ക് ചെറിയ വിമാനത്താവളമാണ് അഗത്തിയിലേത്. കൊച്ചിയിൽ നിന്ന് സാങ്കേതിക വിദഗ്ധരും ഉപകരണങ്ങളും ഉടൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച്ച ഉച്ചയായിട്ടും ആരും വന്നിട്ടില്ല. അതു കൊണ്ടുതന്നെ വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളും മുടങ്ങിയിരിക്കുകയാണ്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കാൻപോലും വിമാനത്താവള അധികൃതർ തയ്യാറായിട്ടില്ല. അഗത്തിയിലാണെങ്കിൽ ഇത്രയധികം വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവുമില്ല.
പലരും വൻ വാടക കൊടുത്താണ് ചില റിസോർട്ടുകളിൽ തങ്ങിയത്. കുറച്ചുപേർക്ക് സ്പോൺസർമാർ സൗകര്യമൊരുക്കി.
ഒരു ചായപോലും ലഭിക്കാത്ത വിമാനത്താവളമാണ് അഗത്തിയിലേത്. അടുത്തൊന്നും കടകളുമില്ല. വിശന്ന് വലഞ്ഞാണ് വെള്ളിയാഴ്ച്ച ആളുകൾ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയത്. ഇതിനിടെ ഉച്ചക്ക് ഉണക്കിയ പഴങ്ങളും ബിസ്കറ്റുമടങ്ങിയ പാക്കറ്റ് ചില എയർലൈൻസ് കമ്പനികൾ വിതരണം ചെയ്തിരുന്നു. യാത്രക്കാരുടെ താമസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും ചെലവ് അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിലുപരി സമയനഷ്ടവും മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ഡി.ജി.സി.എക്ക് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു.
