Photo: ANI

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ബംഗ്ലാദേശിനെതിരേ സന്നാഹ മത്സരം കളിക്കും. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് മത്സരം. വേദിയും സമയവും പിന്നീട് വ്യക്തമാക്കും. ലോകകപ്പില്‍ പങ്കെടുക്കുന്ന ഇരുപതില്‍ 17 ടീമുകളും സന്നാഹമത്സരം കളിക്കുന്നുണ്ട്.

മേയ് 27 മുതല്‍ ജൂണ്‍ ഒന്നുവരെയാണ് സന്നാഹ മത്സരങ്ങള്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് ടീമുകള്‍ സന്നാഹമത്സരം കളിക്കില്ല. ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ പാകിസ്താനുമായി ടി20 പരമ്പരയുണ്ട്. ന്യൂസീലന്‍ഡിന് നിലവില്‍ മത്സരങ്ങളൊന്നുമില്ല. ജൂണ്‍ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ന്യൂസീലന്‍ഡിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

ടെക്‌സാസിലെ ഗ്രാന്‍ഡ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയം, ഫ്‌ളോറിഡയിലെ ബ്രോവാഡ് കൗണ്ടി സ്‌റ്റേഡിയം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍, ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും സന്നാഹമത്സരങ്ങള്‍ നടക്കുക. സന്നാഹ മത്സരങ്ങള്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തില്ല.