galaxy s24 series | Photo: AP
സാംസങിന്റെ എസ് സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ഏറെ ജനപ്രിയമാണ്. സാംസങ് ഇപ്പോള്‍ ഗാലക്‌സി എസ്25 ഫോണുകള്‍ക്കായുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിവ് പോലെ ഗാലക്‌സി എസ്25 സീരീസിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഗാലക്‌സി എസ്25 ല്‍ വ്യത്യസ്ത രാജ്യങ്ങളിലായി എക്‌സിനോസ്, സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് സെറ്റുകള്‍ ആയിരിക്കും ഉണ്ടാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാംസങിന്റെ പദ്ധതി മറ്റൊന്നാണ്. സാംസങ് ഒരു 3എന്‍എം എക്‌സിനോസ് ചിപ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും അത് സ്‌നാപ്ഡ്രാഗണ്‍ ചിപ്പുകളേക്കാള്‍ ശക്തിയേറിയതാവുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
3എന്‍എം പ്രൊസസില്‍ തയ്യാറാക്കിയ എക്‌സിനോസ് 2500 ചിപ്പ്‌സെറ്റ് ആയിരിക്കും ഗാലക്‌സി എസ് 25 സീരിസില്‍ ഉണ്ടായിരിക്കുകയെന്ന് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സ്‌നാപ്ഡ്രാഗണ്‍ ചിപ്പിനേക്കാള്‍ ശക്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സിനോസ് 2400 ചിപ്പില്‍ പുറത്തിറങ്ങിയ ഗാലക്‌സി എസ്24, എസ് 24 പ്ലസ് ഫോണികളുടെ വലിയ വിജയമാണ് പുതിയ ചിപ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ കഴിവുകളോടെയാണ് ഗാലക്‌സി എസ്24 സീരീസ് അവതരിപ്പിക്കപ്പെട്ടത്. സ്‌നാപ്ഡ്രാഗണ്‍ ചിപ്പുകള്‍ ഫോണില്‍ ലഭ്യമാക്കാതിരുന്നത് ചിലരെ നിരാശപ്പെടുത്തിയെങ്കിലും എക്‌സിനോസ് ചിപ്പ്‌സെറ്റ് മോഡലുകള്‍ ഉപഭോക്താക്കളെ കയ്യിലെടുത്തു.
പുതിയ ചിപ്പുകളുടെ പ്രോട്ടോടൈപ്പുകളും, മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രൊസസറും, വികസിപ്പിക്കുന്നതിന് സാംസങ് ഗ്ലോബല്‍ ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷനുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ഈ എക്‌സിനോസ് ചിപ്പുകള്‍ ക്വാല്‍കോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 ചിപ്പുകളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് വിദഗ്ദര്‍ പ്രവചിക്കുന്നത്.
ഗാലക്‌സി എസ് സീരീസില്‍ നേരത്തെ എക്‌സിനോസ് ചിപ്പുകള്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഗാലക്‌സി എസ് 23 യില്‍ പൂര്‍ണമായും സ്‌നാപ്ഡ്രാഗണ്‍ ചിപ്പ്‌സെറ്റുകളാണ് ഉപയോഗിച്ചത്. എന്നാല്‍ ഈ വര്‍ഷം എക്‌സിനോസും, സ്‌നാപ്ഡ്രാഗണും ഒരു പോലെ ഉപയോഗിച്ചു. പുതിയ 3എന്‍എം പ്രൊസസര്‍ വരുന്നതോടെ സ്‌നാപ്ഡ്രാഗണ്‍ ചിപ്പിനെ സാംസങ് പൂര്‍ണമായും ഒഴിവാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
