മസ്‌ക്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കരമനയിലെ വസതിയിൽ കൊണ്ടുവന്ന ശേഷം സംസ്‍കാരത്തിനായി ശാന്തികവാടത്തിലേക്ക് കൊണ്ടുപോകുമ്പോൾ പൊട്ടിക്കരയുന്ന ഭാര്യ അമൃതയും അഞ്ചു വയസ്സുകാരിയായ മകൾ അനിഘയും.

തിരുവനന്തപുരം: ഒപ്പമിരുന്ന് പരിചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രിയപ്പെട്ടവൻ ചേതനയറ്റ് വീട്ടിലേക്ക് വന്നുകയറില്ലായിരുന്നു. ആഗ്രഹങ്ങളും പ്രതീക്ഷകളും നൽകി കൂടെനിന്നയാളുടെ അവസാന ദിവസങ്ങളിൽ കൂട്ടിരിക്കാൻ കഴിയാത്ത വേദനയിൽ അമൃത പൊട്ടിക്കരഞ്ഞു. അഞ്ചുവയസുകാരി അനിഘയും മൂന്നുവയസാകാരൻ നമ്പി ശൈലേഷും അമ്മയോട് ചേർന്ന് അച്ഛനെ നോക്കിയിരുന്നു. മസ്‌കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നടന്നത് ഹൃദയംനുറുങ്ങുന്ന കാഴ്ചകളാണ്.

പൊട്ടിക്കരഞ്ഞ അനിഘയെ ആശ്വസിപ്പിക്കാനാകാതെ അമൃത ചേർത്തുപിടിച്ചു. നടക്കുന്നതെന്തെറിയാത്ത നമ്പി ശൈലേഷ് കൊച്ചച്ഛനൊപ്പം അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്തു. അമ്മ മലർ മകനെയോർത്ത് ഒരോന്നും പറഞ്ഞ് കരഞ്ഞു. സഹോദരൻ അരുൺ കണ്ണീരോടെ മൃതദേഹത്തിനരികിൽ തന്നെയിരുന്നു.

കഴിഞ്ഞ വിഷുവിന് പത്തുദിവസത്തെ അവധിക്ക് നാട്ടിലെത്തിയ നമ്പി രാജേഷ് മധുരയിലെത്തി അമ്മയെയും കണ്ടിരുന്നു. സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ മകനെ ഇങ്ങനെ കാണേണ്ടി വന്നതിന്റെ ഞെട്ടൽ അമ്മയെ വിട്ടൊഴിയുന്നില്ല.

കഴിഞ്ഞ ഏഴിന് രാത്രി വൈകി ഹൃദയാഘാതമുണ്ടായ നമ്പി രാജേഷ് സ്വയം ഡ്രൈവ് ചെയ്താണ് ആശുപത്രിയിലെത്തിയത്. പരിശോധനകൾക്കു ശേഷം ആൻജിയോപ്ലാസ്റ്റി നടത്തി. ഇതറിഞ്ഞ് അമൃതയും അമ്മ ചിത്രയും മസ്‌കറ്റിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ സമരംമൂലം യാത്ര മുടങ്ങി. നമ്പി രാജേഷിന് വിശ്രമം നിർദേശിച്ചതിനാൽ വ്യാഴാഴ്ച ആശുപത്രിയിൽ നടത്തേണ്ടിയിരുന്ന തുടർപരിശോധക്ക് ശേഷം നാട്ടിലെക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് അമൃതയുടെ അച്ഛൻ രവി ഷൺമുഖം പറഞ്ഞു. അദ്ദേഹവും മസ്‌കറ്റിലാണ് ജോലി ചെയ്യുന്നത്. നമ്പി രാജേഷിന് മുന്നോട്ടുള്ള ജീവിത്തെക്കുറിച്ച് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. നഴ്‌സിങ് വിദ്യാർഥിനിയായ അമൃതയുടെ പഠനശേഷം കുടുംബസമേതം കാനഡയിൽ താമസമാക്കാനായിരുന്നു തീരുമാനം. അമൃതയുടെ രണ്ടാംവർഷ പരീക്ഷ കഴിഞ്ഞ ആഴചയിലായിരുന്നു.

അമൃതയുടെ പ്ലസ്ടു പഠനം കഴിഞ്ഞയുടനെയായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഇരുവരും മസ്‌കറ്റിൽ താമസമാക്കി. നഴ്‌സിങ് പഠനത്തിനായാണ് അമൃത നാട്ടിലെത്തിയത്.