തോപ്പുംപടി കൊലക്കേസ് പ്രതി അലൻ ജോസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കൊച്ചി: തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ അതിക്രൂരമായി കുത്തിക്കൊന്ന കേസിലെ പ്രതി അലന്‍ ജോസുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. കേസിലെ നിര്‍ണായക തെളിവാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം.

പ്രതിയെ കത്തി വാങ്ങിയ കടയില്‍ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ കത്തി വാങ്ങിയതെന്നാണ് വിവരം. കൊലപാതകം നടന്ന തോപ്പുംപടി മൂലങ്കുഴിയിലെ കടയിലും തെളിവെടുപ്പ് നടന്നു.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് തോപ്പുംപടി സൗദിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കരുവേലിപ്പറമ്പില്‍ ബിനോയിയെ അലന്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇരുപതോളം കുത്തുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. കടയിലെ സിസിടിവിയില്‍ നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന്‍ ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.