വഴക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: http://www.facebook.com/ActorTovinoThomas

കൊച്ചി: ‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഓൺലൈനിൽ പങ്കുവച്ച സിനിമയുടെ പൂർണപതിപ്പ് അദ്ദേഹം പിൻവലിച്ചു. കോപ്പിറൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞദിവസമാണ് ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിൻ്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ സനൽകുമാർ ശശിധരൻ പുറത്തുവിട്ടത്. വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോയുമായി പ്രശ്നങ്ങൾ നടക്കുന്നതിനിടയിലായിരുന്നു സംവിധായകൻ്റെ നീക്കം.

സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന തന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിതെന്ന് സിനിമ പിൻവലിച്ചതിന് പിന്നാലെ സനൽകുമാർ ശശിധരൻ പറഞ്ഞു. ജനങ്ങൾ സിനിമ കാണുന്നതിൽ ആരും തടസം നിൽക്കുന്നില്ല എങ്കിൽ അത് റിമൂവ് ചെയ്യാൻ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ എന്നും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനും ടൊവിനോയും തമ്മിൽ പ്രശ്നങ്ങൾ നടക്കുകയാണ്. സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ പരാതി. ടൊവിനോയുടെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും സനൽകുമാർ പറഞ്ഞു. ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

സനൽകുമാറിന്റെ വാദങ്ങൾക്കെതിരെ വെെകാതെ പ്രതികരണവുമായി ടൊവിനോയും എത്തിയിരുന്നു. ചിത്രം ഒടിടിയിൽ എത്താത്തതിന് പിന്നിൽ സനൽകുമാറാണെന്നും ടൊവിനോ പറഞ്ഞു. വഴക്ക് വളരെ നല്ല ചിത്രമാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ലെന്നും ടൊവിനോ ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞിരുന്നു. ഒടിടി റിലീസിനായി ശ്രമിച്ചുവെങ്കിലും സനൽകുമാർ ഒടിടി പോളിസി അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈൽ തടസമായി എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

2022-ൽ നിർമാണം പൂർത്തിയായ സിനിമയാണ് ‘വഴക്ക്’. കനി കുസൃതിയായിരുന്നു നായിക. ടൊവിനോയ്ക്ക് ഒപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയയ്‌ക്ക് ലഭിച്ചിരുന്നു. പതിനഞ്ച് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.