Photo: PTI

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണജേതാവായ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണമണിഞ്ഞത്. 82.06 മീറ്റര്‍ എറിഞ്ഞ ഡി.പി. മനുവിനാണ് വെള്ളി. ഉദ്ധം പാട്ടീല്‍ (78.39 മീ) വെങ്കലം നേടി.

മറ്റൊരു പ്രധാനതാരം കിഷോര്‍കുമാര്‍ ജെന നിരാശപ്പെടുത്തി. മൂന്ന് ശ്രമങ്ങളും ഫൗളില്‍ കലാശിച്ച ജെനയുടെ മികച്ച ത്രോ 75.49 മീറ്റര്‍ മാത്രമായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നീരജ് ചോപ്ര (88.88 മീ.) സ്വര്‍ണവും കിഷോര്‍ (87.54 മീ.) വെള്ളിയും നേടിയിരുന്നു.

ജെനയും നീരജും നേരത്തേ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. മനുവിന് പക്ഷേ യോഗ്യത നേടാനായില്ല. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം നേടിയശേഷമാണ് നീരജ് ഇന്ത്യയിലേക്ക് തിരിച്ചത്. അവിടെ 88.36 മീറ്ററായിരുന്നു നീരജിന്‍റെ നേട്ടം.