കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്.
ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.
കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാൻ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന അപാകതയാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണ ആരോഗ്യവതിയായ കുട്ടിയെ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി ഡിസ്ചാർജ് ചെയ്യും. ബന്ധുക്കൾക്ക് പരാതിയില്ലെങ്കിൽ പ്രിൻസിപ്പൽ തലത്തിൽ അന്വേഷണം പുരോഗമിക്കുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്കായി കുടുംബം ഡോക്ടറെ സമീപിച്ചിരുന്നില്ല. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവർ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്. ഡോക്ടർക്കെതിരെ നടപടി വേണം. അശ്രദ്ധയാണ് ഇത്തരമൊരു പിഴവിലേക്ക് നയിച്ചത്. ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് പറഞ്ഞത് വിശ്വസിക്കുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.
