Photo: Google
ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐഒയില്‍ ആന്‍ഡ്രോയിഡ് ഒഎസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിക്കാറ്. എന്നാല്‍ ഇത്തവണ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തില്‍ നടന്ന കീനോട്ടില്‍ ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍, ഫോട്ടോസ്, ജെമിനി ഉള്‍പ്പടെയുള്ള വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടും കമ്പനിയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ടുമുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഗൂഗിള്‍ കീനോട്ടില്‍ ആന്‍ഡ്രോയിഡിന്റെ അസാന്നിധ്യം പ്രകടമായിരുന്നു. ആന്‍ഡ്രോയിഡിനേക്കാള്‍ ഗൂഗിള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് എഐ ദൗത്യങ്ങള്‍ക്ക് മാത്രമാണ് എന്ന നിലയില്‍ വിലയിരുത്തലുകള്‍ വന്നു.
എന്നാല്‍ ആന്‍ഡ്രോയിഡ് ഇപ്പോഴും തങ്ങളുടെ പ്രധാന മേഖലകളില്‍ ഒന്നാണെന്ന് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഗൂഗിള്‍ വ്യക്തമാക്കി. ആന്‍ഡ്രോയിഡില്‍ വരുന്ന എഐ അപ്‌ഡേറ്റുകളെ കുറിച്ചും. പുതിയ ഫീച്ചറുകളെ കുറിച്ചുമെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ രണ്ടാം ദിനം കമ്പനി നടത്തി.
തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, പ്രൈവറ്റ് സ്‌പേസ്
സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ഇതിന്റെ പ്രിവ്യൂ കമ്പനി അവതരിപ്പിച്ചു. തട്ടിപ്പുകളും മോഷണവും കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ ആന്‍ഡ്രോയിഡ് 15 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ ആക്‌സിലറോമീറ്ററുകളും ഗൂഗിള്‍ എഐയും ഉപയോഗിച്ച് ഫോണ്‍ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനും ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കുംന്ന ‘തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്’ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ടത്. ഐഫോണിലും സമാനമായ ഫീച്ചര്‍ ലഭ്യമാണ്.
