എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും
കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കാക്കനാട്ടെ മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഫിന്‍സെര്‍വിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. നേരത്തേ കണ്ടുകെട്ടിയിരുന്നു.
എബിന്‍ വര്‍ഗീസിന്റെ ഭാര്യ എ. ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എബിനെ വ്യാഴാഴ്ച ഇ.ഡി. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.
മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്.
നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവരുകയും പോലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്.
ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങള്‍ക്ക് വന്‍ ലാഭം നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് വര്‍ഷം 24 ശതമാനം വരെ പലിശയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നായിരുന്നു വാഗ്ദാനം. മാസ്റ്റേഴ്സ് ഫിന്‍സെര്‍വിന്റെ പേരില്‍ മാത്രം 73.90 കോടി രൂപ എബിന്‍ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ഇതില്‍ ചെറിയ തുക മാത്രമാണ് എബിന്‍ ഓഹരി വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്.
ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടിയതായും ഗോവയിലെ കാസിനോ ഓപ്പറേറ്റര്‍ കമ്പനികള്‍ക്കും ഓണ്‍ലൈന്‍ കാസിനോ ഓപ്പറേറ്റര്‍മാര്‍ക്കും ഈ തുക നല്‍കിയതായും ഇ.ഡി. കണ്ടെത്തി.
പി.ആര്‍.ഡി. നിധി തട്ടിപ്പ് ഉടമയെയും ജനറല്‍ മാനേജരെയും ഇ.ഡി. അറസ്റ്റുചെയ്തു
കൊച്ചി: ഇടപാടുകാരില്‍നിന്നും നിക്ഷേപം സ്വീകരിച്ചശേഷം 150 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തിയ സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും ജനറല്‍ മാനേജരെയും എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. പത്തനംതിട്ട തിരുവല്ല കുറിയന്നൂര്‍ ആസ്ഥാനമായ പി.ആര്‍.ഡി. മിനി നിധി ലിമിറ്റഡ് ഉടമ ഡി. അനില്‍കുമാര്‍, ജനറല്‍ മാനേജര്‍ ഡേവിഡ് ജോര്‍ജ് എന്നിവരെയാണ് ബുധനാഴ്ച വൈകീട്ടോടെ അറസ്റ്റുചെയ്തത്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉടനുണ്ടാകും.
പത്തനംതിട്ടയിലും സമീപജില്ലകളിലുമുള്‍പ്പെടെ 18 ശാഖകളുണ്ടായിരുന്ന പി.ആര്‍.ഡി. നിധി ലിമിറ്റഡ് അനില്‍കുമാര്‍ ചെയര്‍മാനും ഭാര്യ ദീപ, മക്കളായ അനന്തു, വിഷ്ണു എന്നിവര്‍ ഡയറക്ടര്‍മാരുമായി തുടങ്ങിയ സ്ഥാപനമാണ്. ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്നപലിശ വാഗ്ദാനംചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
പി.ആര്‍.ഡി. മിനി നിധി ലിമിറ്റഡ്, പി.ആര്‍.ഡി. മിനി സിന്‍ഡിക്കേറ്റ് നിധി ലിമിറ്റഡ്, പി.ആര്‍.ഡി. കുറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ പേരുകളിലായി സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.
അഞ്ചുവര്‍ഷംമുമ്പേ സാമ്പത്തികപ്രതിസന്ധിയിലായ സ്ഥാപനം അത് മറച്ചുവെച്ചുകൊണ്ടാണ് ഇടപാടുകള്‍ തുടര്‍ന്നത്. നിക്ഷേപകരില്‍ ചിലര്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് മുടക്കി. കുറിയന്നൂരില്‍ തന്നെയുള്ള ആതിര ഓമനക്കുട്ടന്‍ പലതവണയായി 5.40 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതിന്റെ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപത്തുകയോ പലിശയോ തിരികെ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ഇവരാണ് കോയിപ്രം പോലീസ് സ്റ്റേഷനില്‍ ആദ്യമായി പരാതിനല്‍കിയത്.
ഇതിനുശേഷം പത്തനംതിട്ട ജില്ലയില്‍ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപനത്തെക്കുറിച്ചും ഉടമകളെക്കുറിച്ചും പരാതിലഭിച്ചു. ജനറല്‍ മാനേജരായ ഡേവിഡ് ജോര്‍ജിനെതിരേയും പരാതിയുയര്‍ന്നു.
പോലീസ് കേസെടുത്തതോടെ ഇവര്‍ കൂട്ടത്തോടെ ഒളിവില്‍പ്പോയി. 2022 നവംബറില്‍ കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍നിന്നും പോലീസ് അനില്‍കുമാറിനെയും ഭാര്യയെയും മക്കളിലൊരാളായ അനന്തുവിനെയും അറസ്റ്റുചെയ്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തത്. ജാമ്യത്തിലായിരുന്ന ഇവരെ വീണ്ടും ഇ.ഡി. അറസ്റ്റുചെയ്യുകയായിരുന്നു.
