കുഞ്ഞിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞ ഫ്‌ലാറ്റിന് സമീപം പോലീസ് നടത്തിയപ്പോൾ (ഫയൽചിത്രം)
കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
യുവതിയും യുവാവും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് വിവരം. യുവതി ഗര്‍ഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു. ഗര്‍ഭവിവരം അറിഞ്ഞത് താമസിച്ചായിരുന്നു. അതിനാല്‍ ഗര്‍ഭച്ഛിദ്രമടക്കം ചെയ്യാനാകാതെ പോയി. യുവതി പ്രസവിക്കുന്നതിന് രണ്ട് മാസം മുമ്പ് ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു എന്നുമാണ് വിവരം.
മേയ് മാസം മൂന്നാം തീയതിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. അതേസമയം അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായെന്നും തുടര്‍ന്ന് കൈയില്‍ കിട്ടിയ കവറില്‍ കുഞ്ഞിനെ പൊതിഞ്ഞ് ഫ്‌ളാറ്റിന്റെ ജനലിലൂടെ താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.
സംഭവം നടന്ന ദിവസം രാവിലെ എട്ടരയോടെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കുറിയര്‍ കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കെട്ട് കിടക്കുന്നതുകണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ടായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ കവര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ പോലീസ് എത്തിയത്. പോലീസ് എത്തിയപ്പോഴാണ് യുവതിയുടെ മാതാപിതാക്കളടക്കം സംഭവമറിയുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.
