ആരാധ്യയ്‌ക്കൊപ്പം ഐശ്വര്യ മുംബൈ വിമാനത്താവളത്തിൽ/ 2003-ലെ റെഡ് കാർപറ്റിൽ ഐശ്വര്യ | Photo: instagram/ AP

വര്‍ഷങ്ങളായി കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പറ്റിലെ നിറസാന്നിധ്യമാണ് ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായ്. ഇത്തവണയും ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ ഫ്രാന്‍സിലേക്ക് മകള്‍ ആരാധ്യയ്‌ക്കൊപ്പം ഐശ്വര്യ പറന്നു. ഐശ്വര്യയുടെ 22-ാമത്തെ റെഡ് കാര്‍പറ്റ് ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൈക്കേറ്റ പരിക്ക് ഗൗനിക്കാതെയാണ് ഐശ്വര്യ ഇത്തവണ ചലച്ചിത്രമേളയ്‌ക്കെത്തുന്നത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ ഐശ്വര്യ എത്തിയിരുന്നു. വലതു കൈക്ക് പരിക്കേറ്റതിനാല്‍ സ്ലിങ് ധരിച്ചാണ് താരം വിമാനത്താവളത്തില്‍ വന്നത്. എന്നാല്‍ എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യം വ്യക്തമല്ല.

വിമാനത്താവളത്തിലുള്ള ഐശ്വര്യയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. കറുപ്പ് പാന്റും ഷര്‍ട്ടും നീല നിറത്തിലുള്ള നീണ്ട കോട്ടുമായിരുന്നു ഐശ്വര്യയുടെ വേഷം. നീല ഹൂഡിയും കറുപ്പ് പാന്റ്‌സുമാണ് ആരാധ്യ ധരിച്ചിരുന്നത്. ഐശ്വര്യയുടെ ഹാന്‍ഡ് ബാഗ് കൈയില്‍ വാങ്ങി ആരാധ്യ അമ്മയെ സഹായിക്കുന്നതും ഇരുവരും ക്യാമറയ്ക്കുനേരെ കൈവീശിക്കാണിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

2002 മുതലാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. അന്ന് ദേവദാസ് എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് ഐശ്വര്യ ഷാരൂഖ് ഖാനിനും സഞ്ജയ് ലീല ബന്‍സാലിക്കും ഒപ്പമെത്തിയത്. കോസ്റ്റ്യൂ ഡിസൈനറായ നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു താരത്തിന്റെ ആദ്യ കാന്‍സ് ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി വര്‍ക്കുള്ള വലിയ സ്വര്‍ണ നെക്ക്‌ളേസും ലോകസുന്ദരി അണിഞ്ഞു.

എന്നാല്‍ 2003-ലെ കാനില്‍ താരം ധരിച്ച നിയോണ്‍ സാരി വിമര്‍ശനത്തിന് കാരണമായി. ഒട്ടും യോജിക്കാത്ത വസ്ത്രം എന്നായിരുന്നു ഫാഷന്‍ ലോകം അതിനെ വിലയിരുത്തിയത്. ആ ചലച്ചിത്രമേളയില്‍ കാലിന് ചെറിയ ഫ്രാക്ച്ചറുമായാണ് ഐശ്വര്യ എത്തിയത്. കഴിഞ്ഞ വര്‍ഷം താരം തെരഞ്ഞെടുത്ത ഗൗണും പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സില്‍വര്‍ ഹുഡുള്ള കറുപ്പ് ഗൗണാണ് ഐശ്വര്യ ധരിച്ചത്. ലെയ്റ്റ് വെയ്റ്റ് അലൂമിനിയംകൊണ്ട് നിര്‍മിച്ച, തലയും കഴുത്തും മുഴുവന്‍ മറയ്ക്കുന്ന വലിയ സില്‍വര്‍ ഹുഡ് ആയിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. എന്നാല്‍ പലര്‍ക്കും ഈ വ്യത്യസ്ത ലുക്ക് അത്ര ദഹിച്ചില്ല.