സ്റ്റീഫൻ ഫ്‌ളെമിങ്, രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിങ് | Photo: twitter.com
മുംബൈ: രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് ബിസിസിഐ. 2021-ല്‍ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്നു വര്‍ഷത്തിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കരാര്‍. പിന്നീട് ടി20 ലോകകപ്പ് കണക്കിലെടുത്ത് പുതുക്കുകയായിരുന്നു.
ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ല
ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതു പ്രഖ്യാപിക്കവെ ദ്രാവിഡിന് വീണ്ടും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാകാന്‍ താത്പര്യമില്ലെന്നാണ് ദ്രാവിഡിന്റെ നിലപാട്. ക്രിക്കറ്റിലെ മറ്റു പ്രധാനരാജ്യങ്ങള്‍ വിവിധ ഫോര്‍മാറ്റില്‍ വെവ്വേറെ കോച്ചുമാരെ നിയമിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അതില്‍ താത്പര്യമില്ല. മൂന്നുഫോര്‍മാറ്റിലും ടീമിന്റെ കോച്ചാകുന്നത് വലിയ ഉത്തരവാദിത്വമാണ്. വര്‍ഷത്തില്‍ പത്തുമാസത്തിലേറെ ടീമിനൊപ്പമായിരിക്കും. ഇതിനിടെ ഒട്ടേറെ യാത്രകളുമുണ്ടാകും. കുടുംബത്തിനൊപ്പം കൂടുതല്‍സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നതിനാലാണ് ദ്രാവിഡ് അപേക്ഷിക്കാത്തത്.
ദ്രാവിഡിനെ വിടാതെ സീനിയര്‍ താരങ്ങള്‍
അതിനിടെ രാഹുല്‍ ദ്രാവിഡ് തന്നെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് ചില സീനിയര്‍ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആരൊക്കെയെന്ന് വ്യക്തമല്ല. അടുത്ത ഒരു വര്‍ഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം ദ്രാവിഡ് തുടരണമെന്നാണ് സീനിയര്‍ താരങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പരിശീലകനെ കാത്ത് ഭാരിച്ച ചുമതലകള്‍
വരുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. ജൂലായ് ഒന്നിനകം പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനാണ് ബോര്‍ഡിന്റെ പദ്ധതി. 2027-ലെ ഏകദിന ലോകകപ്പ് വരെയാകും പുതിയ പരിശീലകന്റെ കരാര്‍. 2025- ലെ ചാമ്പ്യന്‍സ് ട്രോഫിക്കും ടീമിനെ ഒരുക്കുന്നതിനുള്ള ചുമതല പുതിയ പരിശീലകനാകും. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ വിരമിക്കലിന്റെ വക്കിലാണ്. ഇവരുടെ അഭാവത്തില്‍ പുതിയ ഒരു ടീമിനെ മികച്ച രീതിയില്‍ ഉണ്ടാക്കിയെടുത്ത് മുന്നോട്ടുകൊണ്ടുപോകുക എന്ന വെല്ലുവിളിയും പുതിയ കോച്ചിനു മുന്നിലുണ്ടാകും.
ഏറെ നാളുകള്‍ക്കു ശേഷം വിദേശ പരിശീലകന് സാധ്യത
ഏറെ നാളുകള്‍ക്ക് ശേഷം ഇത്തവണ ടീം ഇന്ത്യയ്ക്ക് വിദേശ പരിശീലകന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാനികള്‍. 15 വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കോച്ചായ ഫ്ളെമിങ്ങുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്. എന്നാല്‍ ചെന്നൈ ടീം മാനേജ്മെന്റിലെ ഉന്നതര്‍ ഇക്കാര്യം നിഷേധിച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനായ വി.വി.എസ്. ലക്ഷ്മണ്‍, ഓസ്ട്രേലിയയുടെ മുന്‍ താരം ജസ്റ്റിന്‍ ലാംഗര്‍ തുടങ്ങിയവരും സാധ്യതാപ്പട്ടികയിലുണ്ട്. നേരത്തേ ജോണ്‍ റൈറ്റ്, ഗാരി കേര്‍സ്റ്റന്‍, ഡെങ്കന്‍ ഫ്‌ളെച്ചര്‍ എന്നിവര്‍ ഇന്ത്യയെ പരിശീലിപ്പിച്ച കാലത്ത് ടീം മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് ഗാരി കേര്‍സ്റ്റനു കീഴിലായിരുന്നു. 2013-ല്‍ ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ ഫ്‌ളെച്ചറായിരുന്നു കോച്ച്. അനില്‍ കുംബ്ലെ, രവി ശാസ്ത്രി എന്നിവരെയാണ് പിന്നീട് ബിസിസിഐ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇക്കാലത്തിനിടെ വിരാട് കോലി ക്യാപ്റ്റനായിരുന്ന സമയത്ത് അദ്ദേഹവും അന്നത്തെ പരിശീലകനായിരുന്ന കുംബ്ലെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും കുംബ്ലെയുടെ പുറത്തുപോകലും വലിയ വിവാദമായിരുന്നു. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം കൂടി ബോര്‍ഡിന് പരിഗണിക്കേണ്ടതായി വരും.
2015-ല്‍ ഡെങ്കന്‍ ഫ്ളെച്ചര്‍ മടങ്ങിയശേഷം ഇന്ത്യക്ക് വിദേശകോച്ച് ഉണ്ടായിട്ടില്ല. 2009-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലകനായ ഫ്ളെമിങ് കഴിഞ്ഞ 15 വര്‍ഷമായി ടീമിനൊപ്പമുണ്ട്. അഞ്ചു കിരീടങ്ങളും നേടി. ഏറ്റവും കൂടുതല്‍ കാലം ന്യൂസീലന്‍ഡിനെ നയിച്ച റെക്കോഡുള്ള ഫ്‌ളെമിങ് കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലെ നായകനുമാണ്. ലോകത്തെ മറ്റു രാജ്യങ്ങളിലെ ടൂര്‍ണമെന്റില്‍ കളിക്കുന്ന ചെന്നൈയുടെ സഹ ടീമുകളുടെയും പരിശീലകനാണിപ്പോള്‍. ഇന്ത്യയിലെ ദീര്‍ഘകാലത്തെ പരിചയവും ടീമിനെ ഏറെക്കാലം കൊണ്ടുനടക്കാനുള്ള കാര്യക്ഷമതയുമെല്ലാം ഫ്ളെമിങ്ങിന് അനുകൂലഘടകങ്ങളാണ്. അദ്ദേഹം അപേക്ഷിക്കുമോ എന്ന ചോദ്യമുണ്ട്.
ഓസ്ട്രേലിയയുടെ രണ്ട് ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളില്‍ നായകനായിരുന്ന റിക്കി പോണ്ടിങ് ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ്. ഓസ്ട്രേലിയയുടെ മുന്‍താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറുടെ കര്‍ക്കശരീതി നേരത്തേ വിമര്‍ശിക്കപ്പെട്ടിരുന്നു. അങ്ങനെയൊരാളെ ഇന്ത്യന്‍ ടീമിന് ഉള്‍ക്കൊള്ളാനാകുമോയെന്ന സംശയമുണ്ട്.
വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ കിങ്‌സ്
ഈ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്‌മെന്റ് നിഷേധിച്ചു. ഇക്കാര്യം സംബന്ധിച്ച് ഫ്‌ളെമിങ്ങും സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
ലക്ഷ്മണും അപേക്ഷിച്ചേക്കില്ല
വിവിഎസ് ലക്ഷ്മണാണ് ബിസിസിഐ പരിഗണിക്കുന്ന മറ്റൊരു പേരെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്മണ്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചേക്കില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയുള്ളതിനാല്‍ അദ്ദേഹത്തെ പരിശീലകനാക്കാന്‍ ബിസിസിഐയും താത്പര്യപ്പെടുന്നില്ല.
