രാഹുലിന്റെ സഹോദരി
കോഴിക്കോട്: വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി. മുന്‍പ് രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ടുബന്ധപ്പെട്ടത്. അവളുടെ നിര്‍ബന്ധത്തിനാണ് കല്യാണം നടത്തിയത്. ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കം വേണോയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ചോദിച്ചെങ്കിലും വേണ്ടെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും രാഹുലിന്റെ സഹോദരി പറഞ്ഞു.
മര്‍ദിച്ചത് തെറ്റ് തന്നെയാണെന്ന് പൂര്‍ണ്ണമായും സമ്മതിക്കുന്നു. എന്നാല്‍, അത് ചെയ്യാനുണ്ടായ സാഹചര്യം പുറത്ത് വരണം. മര്‍ദനം നടന്ന അന്ന് അര്‍ധരാത്രിക്കുശേഷം പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി ഫോണ്‍ കോള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മര്‍ദനമുണ്ടായതെന്നും രാഹുലിന്റെ സഹോദരി പറഞ്ഞു.
‘ഞങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവന് കിട്ടും എന്നുള്ളത് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് പെണ്‍കുട്ടിയെ മതിയെന്നാണ് പറഞ്ഞത്. അവന്‍ ഒറ്റയ്ക്ക് ഒരുരാജ്യത്ത് പോയി താമസിക്കുകയാണ്. അമ്മയ്ക്ക് അവന്റെകൂടെ നില്‍ക്കാന്‍ പറ്റില്ല. അവനെ നോക്കണം, അവന്റെ കൂടെ നല്ലരീതിയില്‍ നില്‍ക്കുന്ന ഒരു കുട്ടി, അതേ ഞങ്ങള്‍ ആഗ്രഹിച്ചിട്ടുള്ളൂ. അവര്‍ കൂടുതല്‍ കൂടുതല്‍ വേണോയെന്ന് ചോദിച്ചപ്പോള്‍, മകള്‍ക്ക് കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, വീടിന്റെ മുകള്‍ നിലയില്‍ ഷീറ്റും ടൈലും ഇടുന്നുണ്ട്, ഒരു ഊഞ്ഞാല് വാങ്ങിച്ചു തന്നാല്‍ മാത്രം മതിയെന്നാണ് അവന്‍ പറഞ്ഞത്. അതല്ലാതെ വേറൊന്നും അവന്‍ ആവശ്യപ്പെട്ടിട്ടില്ല’, അവര്‍ പറഞ്ഞു.
‘ഫ്രിഡ്ജ് വേണോ, വാഷിങ് മെഷീന്‍ വേണോയെന്നടക്കം അവര്‍ ചോദിച്ചു. ഇതൊക്കെ ഇവിടെ ഉള്ളതാണെന്ന് ഞങ്ങള്‍ പറഞ്ഞു. അതുകൂടെ ഇവിടെ കൊണ്ടുവെക്കാനുള്ള സ്ഥലമില്ല. ഇതൊന്നുംവേണ്ട. മകള്‍ക്ക് എന്തുകൊടുക്കാനാണോ നിങ്ങള്‍ക്ക് താത്പര്യം അതുകൊടുക്കാമെന്ന് പറഞ്ഞു. കല്യാണം നടത്തുമ്പോള്‍ അവരുടെ മകള്‍ക്ക് ഒന്നും കൊടുക്കാതെ വിടില്ലല്ലോ? രണ്ടാഴ്ചത്തെ ഗ്യാപ് ആണ് കല്യാണത്തിലേക്ക് ഉണ്ടായിരുന്നത്. കല്യാണത്തിന് മുമ്പ് രണ്ടുദിവസം പെണ്‍കുട്ടി ഞങ്ങളുടെ കൂടെ വന്ന് താമസിച്ചു. അമ്മ കൂടെക്കൂടെ വിളിച്ചിരുന്നു. പെണ്‍കുട്ടി സന്തോഷത്തോടെ ഒരു കുഴപ്പവുമില്ലാതെയാണ് സംസാരിച്ചത്’, രാഹുലിന്റെ സഹോദരി അവകാശപ്പെട്ടു.
‘മര്‍ദനം നടന്നതിനെ പറ്റി പെണ്‍കുട്ടി പറഞ്ഞിട്ടില്ല. പിറ്റേദിവസമാണ് കാണുന്നത്. 11.30- 12 മണിയാവും അവള്‍ എന്നും എഴുന്നേറ്റ് താഴേക്ക് വരുമ്പോള്‍. ഇറങ്ങിവരും, രണ്ടുപേരും കൂടെ ചായകഴിക്കും അതുപോലെ തന്നെ മുറിയില്‍ കയറിപ്പോവും. ഞങ്ങളോടോ അമ്മയോടോ ഒന്നും സംസാരിക്കാറില്ല. ബന്ധുക്കള്‍ വന്നപ്പോഴാണ് മര്‍ദനമേറ്റ പാടുകള്‍ ഞങ്ങള്‍ കാണുന്നത്. സംശയത്തിന്റെ പേരില്‍ മര്‍ദിച്ചതാണെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. രാഹുലിനോട് ചോദിച്ചു. ഒരു കല്യാണ വീട്ടില്‍പോയി, അവിടെനിന്ന് രണ്ടുപേരും മദ്യപിച്ചു, വീട്ടില്‍ വന്നശേഷം ബീച്ചില്‍ പോയി വന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളുടെ ഫോണിലേക്ക് കോള്‍ വന്നു. നിരന്തരം മെസേജ് വന്നു. മൂന്നുമണി- നാലുമണി സമയത്താണ് ഇത്. ഇതില്‍ രാഹുലിന് സംശയം തോന്നി. ഈ സമയത്ത് വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ ഫോണ്‍ നോക്കി. വിളിച്ചത് ആരാണെന്ന് മനസിലായി. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. കോള്‍ പിന്നീടും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. വാട്‌സാപ്പ് പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മിലെ ചാറ്റുകണ്ടെന്ന് രാഹുല്‍ പറഞ്ഞു’.
‘ഇതൊന്നും തനിക്ക് തുറന്നുപറയാന്‍ പറ്റില്ല, ഒരാഴ്ചയാണെങ്കിലും എന്റെ ഭാര്യയായി കഴിഞ്ഞ പെണ്‍കുട്ടിയാണ്, ഈ ലോകത്തിന് മുന്നില്‍ അവള്‍ എന്നെക്കുറിച്ച് എന്തുപറഞ്ഞാലും അവളുടെ പേര് മോശമാകരുതെന്ന് രാഹുല്‍ പറഞ്ഞു. മര്‍ദനമുണ്ടായ ദിവസത്തിന് മുമ്പും ഇയാളുടെ കോള്‍ വന്നിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ബ്ലോക്ക് ചെയ്യാനും സിം മാറ്റാനും ആവശ്യപ്പെട്ടിരുന്നു. വേറെ സിം എടുത്തുനല്‍കാമെന്ന് പറഞ്ഞിട്ട് അവള്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു. ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞു. മര്‍ദിച്ചത് തെറ്റ് തന്നെയാണെന്ന് പൂര്‍ണ്ണമായിട്ടും സമ്മതിക്കുന്നു. എന്നാല്‍, അത് ചെയ്യാനുണ്ടായ സാഹചര്യം ഇതാണ്.
‘പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യണം. രാഹുല്‍ ക്രൂരതചെയ്തുവെന്നാണ് പറയുന്നത്, അവന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇവര്‍ പറയുന്ന അത്രയും ഭീകരമായൊന്നുംചെയ്തിട്ടില്ല. ചെയ്യാനുണ്ടായ സാഹചര്യം കൂടെ വെളിപ്പെട്ടുവരണം. നിയമത്തിന് മുമ്പില്‍ അത് വെളിപ്പെട്ടുകിട്ടേണ്ടത് ഞങ്ങളുടെ ആവശ്യമാണ്’, അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുലുമായി കഴിഞ്ഞദിവസവും സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു. ഉച്ചയ്ക്കാണ് സംസാരിച്ചത്. തങ്ങളുടെ കുഞ്ഞ് എവിടെയാണ് പോയതെന്ന് അറിയില്ല. ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നാണ് അവന്‍ പറഞ്ഞതെന്നും അവര്‍ അറിയിച്ചു. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
