Photo | AFP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം മുറുകുന്നു. നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി മാഞ്ചെസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ആഴ്‌സണല്‍ രണ്ടാംസ്ഥാനത്തേക്ക് വീണു. 37 മത്സരങ്ങളില്‍ 88 പോയിന്റാണ് സിറ്റിക്കെങ്കില്‍, അത്രതന്നെ മത്സരങ്ങളില്‍ 86 പോയിന്റാണ് ആഴ്‌സണലിനുള്ളത്. ഇരു ടീമിനും ഒരു മത്സരം മാത്രം ബാക്കിയിരിക്കേ, കിരീടപ്പോരാട്ടം ക്ലൈമാക്‌സിലേക്ക്.

എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളാണ് മാഞ്ചെസ്റ്ററിന് ടോട്ടനമിനെതിരേ ജയം സമ്മാനിച്ചത്. ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയുടെ ആദ്യത്തിലും അധികസമയത്തെ ആദ്യ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലുമായിരുന്നു ഗോളുകള്‍. 51-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയിന്റെ പാസില്‍നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. 91-ാം മിനിറ്റില്‍ ടോട്ടനം താരം പെട്രോ പൊറോ, സിറ്റിയുടെ ജെറിമി ഡോകുവിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി. ഇതോടെ ലീഗില്‍ ഹാളണ്ടിന്റെ ഗോള്‍ നേട്ടം 27 ആയി.

മത്സരത്തില്‍ പകരക്കാരനായെത്തിയ മാഞ്ചെസ്റ്റര്‍ ഗോള്‍കീപ്പര്‍ സ്റ്റീഫന്‍ ഒര്‍ട്ടേഗയുടെ മിന്നും പ്രകടനവും കാണാനായി. ടോട്ടനം പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് സിറ്റി എഡേഴ്‌സണെ പിന്‍വലിച്ചിരുന്നു. സിറ്റി ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുന്ന സമയമായിരുന്നു ഇത്. തുടര്‍ന്നെത്തിയ ഒര്‍ട്ടേഗ, സണ്‍ ഹിങ്മിന്റെ മികച്ച ഒരു മുന്നേറ്റത്തെ കിടിലന്‍ സേവിലൂടെ നിഷേധിച്ചു.

സിറ്റിക്ക് ഇനി ഞായറാഴ്ച വെസ്റ്റ് ഹാമിനെയാണ് നേരിടേണ്ടത്. ആഴ്‌സണല്‍ എവര്‍ട്ടണിനെതിരെയും ബൂട്ടണിയും. ജയിച്ചാല്‍ സിറ്റിയുടെ തുടര്‍ച്ചയായ നാലാം കിരീടമാവും ഇത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി നാലുതവണ കിരീടം നേടിയിട്ടില്ല.