വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ

തൃശ്ശൂര്‍: തൃശ്ശൂരിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും വളര്‍ച്ചയും സമൂഹത്തിന് ഭീഷണിയാകുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയവര്‍ കഴിഞ്ഞദിവസം നടത്തിയ ആഘോഷമാണ് ചർച്ചയായത്.

ഏറെ കോളിളക്കം തീര്‍ത്ത അവണൂര്‍ സിജോ കൊലപാതകക്കേസിലെ 10 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 12-ന്. പേരാമംഗലം പോലീസ് രജിസ്റ്റര്‍ചെയ്ത ശ്യാം-ക്രിസ്റ്റോ ഇരട്ടക്കൊലപാതക്കേസിലെ രണ്ടാംപ്രതിയായ അവണൂര്‍ സിജോ 2020 ജൂലായ് അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘാംഗമായിരുന്ന സിജോയെ എതിര്‍ സംഘത്തിലെ പത്തുപേര്‍ ചേര്‍ന്ന് വെളപ്പായ അവണൂര്‍ മണിത്തറ ഹമ്പിനടുത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. പത്തുപേരെ അറസ്റ്റുചെയ്ത പോലീസ് ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ജാമ്യം കിട്ടി ഇവര്‍ പുറത്തിറങ്ങിയാല്‍ മറ്റു ഗുണ്ടാസംഘങ്ങള്‍ കൊലപ്പെടുത്തുമെന്ന കാര്യമാണ് പോലീസ് ഉയര്‍ത്തിയത്. ജാമ്യത്തിലിറങ്ങാന്‍ പ്രതികളും താത്പര്യപ്പെട്ടില്ല. നാലുവര്‍ഷത്തോളം ജയിലില്‍ക്കിടന്ന ഇവര്‍ കുറ്റവിമുക്തരായി പുറത്തിറങ്ങിയതിന്റെ ആഘോഷമാണ് കഴിഞ്ഞദിവസം നടന്നത്. മദ്യ സത്കാരമുള്‍പ്പെടെയുള്ള ആഘോഷത്തില്‍ ജില്ലയിലെ അറുപതോളം കുറ്റവാളികളും ഗുണ്ടകളും പങ്കെടുത്തു. അത് ആഘോഷമാക്കി റീല്‍സാക്കി സാമൂഹികമാധ്യമത്തിലിടുകയും ചെയ്തു.

തൃശ്ശൂര്‍ നഗരത്തിനടുത്തുള്ള നെയ്തലക്കാവ് കുറ്റൂര്‍ പാടത്തായിരുന്നു പരസ്യമായ ആഘോഷം. വിവരമറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും മുഖ്യസംഘാടകരിലൊരാളുടെ അച്ഛന്‍ മരിച്ചതിന്റെ ചടങ്ങാണ് എന്ന മറുപടി കേട്ട് മടങ്ങുകയായിരുന്നു.

കൊടുംകുറ്റവാളികളും ഗുണ്ടകളുമാണ് ആഘോഷം നടത്തുന്നതെന്ന് പോലീസിന് അറിയാത്തതുകൊണ്ടായിരുന്നില്ല മടക്കം. ഗുണ്ടകളെ തൊട്ടാല്‍ ചിലര്‍ക്ക് പൊള്ളുമെന്ന് അറിയാവുന്നതുകൊണ്ടായിരുന്നു ഇതെന്നാണ് ആരോപണം. പോലീസ് തന്നെയാണ് ഗുണ്ടാസംഘത്തിന്റെ ആഘോഷ റീല്‍സ് ഒടുവില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും. പോലീസ്സേനയുടെ ആത്മവിശ്വാസക്കുറവ് മുതലെടുത്താണ് തൃശ്ശൂരില്‍ ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ച. 25 വര്‍ഷം മുന്‍പ് തൃശ്ശൂരിലുണ്ടായിരുന്ന ഗുണ്ടാവാഴ്ചയിലേക്കാണ് ഇപ്പോഴത്തെ പോക്കെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് പലതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഫലം കാണുന്നില്ല.