വിഷ്ണുപ്രിയ,ശ്യംജിത്ത്
പ്രതി ശ്യാംജിത്ത് ജാമ്യത്തിലിറങ്ങരുതെന്ന നിർബന്ധം പോലീസിനുണ്ടായിരുന്നുവെന്ന് ആസാദ് പറയുന്നു. പ്രതി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രോസിക്യൂഷൻ വാദിച്ചതും ഇതുതന്നെയാണ്.
തലശ്ശേരി: പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് ശേഖരിച്ചത് ശാസ്ത്രീയ തെളിവുകൾ. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതിയെ പിടിച്ചു. 35 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതും അതിവേഗത്തിൽ അന്വേഷണം നടത്തിയതും അന്നത്തെ പാനൂർ ഇൻസ്‌പെക്ടർ എം.പി. ആസാദായിരുന്നു. ഇന്നദ്ദേഹം ഹൊസ്ദുർഗ് ഇൻസ്‌പെക്ടറാണ്. പ്രതി ശ്യാംജിത്ത് ജാമ്യത്തിലിറങ്ങരുതെന്ന നിർബന്ധം പോലീസിനുണ്ടായിരുന്നുവെന്ന് ആസാദ് പറയുന്നു. പ്രതി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രോസിക്യൂഷൻ വാദിച്ചതും ഇതുതന്നെയാണ്.
ഉച്ച ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. ആറുമണിക്ക് പ്രതിയെ പിടിച്ചു. 10 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ ദിവസംമുതൽ എല്ലാം വേഗത്തിലായിരുന്നു-ആസാദ് പറഞ്ഞു. കത്തി കണ്ടെത്തിയതും ശാസ്ത്രീയ പരിശോധന നടത്തിയതുമെല്ലാം ഒരു ദിവസംപോലും വൈകാതെ. ഒടുവിൽ 35 ദിസംകൊണ്ട് കുറ്റപത്രം സമർപ്പിക്കാനുമായി.
വിധിയിൽ സന്തോഷം
വിധിയിൽ സന്തോഷമുണ്ടെന്നും കോടതി വിധി മാനിക്കുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ പറഞ്ഞു. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിപിനയും പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. സഹോദരിയെ തിരിച്ചുകിട്ടില്ലല്ലോ എന്നും അവർ പറഞ്ഞു. സഹോദരിമാരായ വിപിന, വിസ്മയ എന്നിവർ ശിക്ഷയറിയാൻ കോടതിയിൽ എത്തിയിരുന്നു. ഇരുവരെയും കേസിൽ സാക്ഷികളായി വിസ്തരിച്ചിരുന്നു. വിധി സ്വാഗതം ചെയ്യുന്നതായി വിഷ്ണുപ്രിയയുടെ വല്യച്ഛനും കേസിൽ പരാതിക്കാരനുമായ കെ. വിജയൻ പറഞ്ഞു.
അപ്പീൽ നൽകും
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭിലാഷ് മാത്തൂർ പറഞ്ഞു. സെൻസേഷൻ കേസെന്ന പരിഗണന ലഭിച്ചു. ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതായി അദ്ദേഹം പറഞ്ഞു.
വിധി പറഞ്ഞ ജഡ്ജി ഇനി വയനാട്ടിലേക്ക്
വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറഞ്ഞ ജഡ്ജി എ.വി. മൃദുലയുടെ തലശ്ശേരി കോടതിയിലെ അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ വയനാട് അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജിയായി മാറ്റം ലഭിച്ചിരുന്നു. 24 വർഷത്തെ സേവനത്തിനിടയിൽ 12 വർഷം കണ്ണൂർ ജില്ലയിലെ കോടതികളിലായിരുന്നു സേവനം.
കോടതി ചോദിച്ചത് 746 ചോദ്യങ്ങൾ
വിചാരണയുടെ അവസാനത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി 746 ചോദ്യങ്ങളാണ് പ്രതിയോട് ചോദിച്ചത്. 39 ചോദ്യങ്ങൾക്ക് ശരി എന്ന് ഉത്തരം നൽകി. പലതിനും കൃത്യമായ മറുപടി നൽകിയില്ല. വിഷ്ണുപ്രിയയെ നേരത്തേ അറിയാം, ഫോണിൽ സംസാരിച്ചിരുന്നു, സംഭവദിവസം പാനൂരിൽ പോയിരുന്നു എന്നതൊക്കെ പ്രതി സമ്മതിച്ചു.
2022 ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 22 വരെ ശ്യാംജിത്ത് 449 തവണ വിഷ്ണുപ്രിയയെ വിളിച്ചിരുന്നു. 2023 സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
