പിടിയിലായ രാജേഷ് കപൂറും മോഷണമുതലുകൾ വാങ്ങിയ ജൂവലറി ഉടമയും പോലീസ് സംഘത്തിനൊപ്പം | Photo: twitter.com/DCPIGI & PTI
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രചെയ്ത് സഹയാത്രികരുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പഹാഡ്ഗഞ്ച് സ്വദേശിയായ രാജേഷ് കപൂറിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒരുവര്‍ഷത്തിനിടെ 200-ഓളം വിമാനയാത്രകള്‍ ചെയ്ത രാജേഷ് കപൂര്‍ സ്വര്‍ണഭാരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് യാത്രചെയ്താണ് രാജേഷ് കപൂര്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞമാസം ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരി ഇയാളുടെ കവര്‍ച്ചയ്ക്കിരയായിരുന്നു. ഏകദേശം ഏഴുലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവരുടെ ഹാന്‍ഡ് ബാഗില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെ യു.എസില്‍നിന്നുള്ള മറ്റൊരു യാത്രക്കാരനും സമാന പരാതിയുമായി പോലീസിന് മുന്നിലെത്തി. 20 ലക്ഷം രൂപയുടെ വസ്തുക്കള്‍ തന്റെ കാബിന്‍ ബാഗില്‍നിന്ന് മോഷണം പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇതോടെ വിമാനയാത്രയ്ക്കിടെ കവര്‍ച്ച നടത്തുന്നയാള്‍ക്കായി ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡല്‍ഹി, ഹൈദരാബാദ്, അമൃത്സർ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ഈ പരിശോധനയിലാണ് ഡല്‍ഹി പഹാഡ്ഗഞ്ച് സ്വദേശിയായ രാജേഷ് കപൂറിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ‘പറക്കും കള്ളനെ’ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടില്‍നിന്ന് മോഷണമുതലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണമുതലുകള്‍ വാങ്ങിയ ജൂവലറി ഉടമയും ഇയാള്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
സ്വന്തം ബിസിനസുകള്‍, ഒപ്പം മോഷണവും…
വിമാനയാത്രയ്ക്കിടെ മോഷണം പതിവാക്കിയ രാജേഷ് കപൂര്‍ ഡല്‍ഹി പഹാഡ്ഗഞ്ചിൽ സ്വന്തമായി ഗസ്റ്റ് ഹൗസ് നടത്തുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്തായുള്ള ‘റിക്കി ഡീലക്‌സ്’ എന്ന ഗസ്റ്റ് ഹൗസിന്റെ ഉടമയാണ് ഇയാള്‍. ഇതേ കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു പ്രതിയുടെയും താമസം. ഡല്‍ഹി കേന്ദ്രീകരിച്ച് ‘മണി എക്‌സ്‌ചേഞ്ച്’ ബിസിനസും ഡല്‍ഹിയിലെ മറ്റൊരിടത്ത് മൊബൈല്‍ഫോണ്‍ സര്‍വീസ് സെന്ററും രാജേഷിനുണ്ട്. ഇതിനുപുറമേയാണ് വിമാനങ്ങളില്‍ യാത്രചെയ്ത് കവര്‍ച്ചയും നടത്തിയിരുന്നത്.
നേരത്തെ ട്രെയിനുകളിലായിരുന്നു രാജേഷ് കപൂറിന്റെ കവര്‍ച്ച. ഇത് വിജയം കണ്ടതോടെയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും കവര്‍ച്ച ആരംഭിച്ചത്. ഒരിക്കല്‍ ട്രെയിനിലെ കവര്‍ച്ചയ്ക്കിടെ പിടിക്കപ്പെട്ടപ്പോള്‍ ഇനി വിമാനത്താവളങ്ങളില്‍ മാത്രം മോഷണം നടത്തിയാല്‍ മതിയെന്ന് പ്രതി തീരുമാനിക്കുകയായിരുന്നു.
ലക്ഷ്യമിടുന്നത് പ്രായമേറിയവരെയും സ്ത്രീകളെയും…
വിമാനയാത്രക്കാരില്‍ പ്രായമേറിയവരെയും സ്ത്രീകളെയുമാണ് രാജേഷ് കപൂര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ബെംഗളൂരു, മുംബൈ, അമൃത്സര്‍ തുടങ്ങി രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോഷണത്തിനായി ഇരുന്നൂറോളം വിമാനയാത്രകളാണ് പ്രതി നടത്തിയത്. 110 ദിവസങ്ങളിലായി രാജ്യത്തെ പലഭാഗങ്ങളിലേക്കും ഇയാള്‍ യാത്രനടത്തി.
കണക്ടിങ് ഫ്‌ളൈറ്റുകളില്‍ യാത്രചെയ്യുന്ന സ്ത്രീകളും പ്രായമേറിയവരുമായിരുന്നു പ്രതിയുടെ ഇരകള്‍. വിമാനത്താവളത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പ്രായമേറിയ യാത്രക്കാരെയും സ്ത്രീകളെയും ഇയാള്‍ നിരീക്ഷിക്കും. ഇവരെ രഹസ്യമായി പിന്തുടര്‍ന്ന് ബാഗുകളില്‍ എന്താണെന്ന് മനസിലാക്കും. അല്ലെങ്കില്‍ തന്ത്രപരമായി ബാഗേജ് ഡിക്ലറേഷന്‍ സ്ലിപ്പുകളില്‍നിന്ന് ഈ വിവരങ്ങള്‍ കൈക്കലാക്കും. ബോര്‍ഡിങ് ഗേറ്റിന് സമീപത്തായിരിക്കും ഇയാള്‍ കൂടുതല്‍ സമയവും ചിലവഴിക്കുക. തുടര്‍ന്ന് ലക്ഷ്യമിട്ടയാള്‍ക്കൊപ്പം വിമാനത്തില്‍ കയറും. ഒരുപക്ഷേ, രാജേഷിന്റെ ഭാഗ്യംപോലെ ഇയാള്‍ കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രക്കാരന്‍ ഇയാളുടെ തൊട്ടടുത്ത സീറ്റിലായിരിക്കും. അതല്ലെങ്കില്‍ താന്‍ ലക്ഷ്യമിട്ട യാത്രക്കാരന് സമീപം സീറ്റ് ലഭിക്കാനായി കാബിന്‍ ക്രൂവിനോട് അഭ്യര്‍ഥിക്കും. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞായിരിക്കും ഇത്തരത്തില്‍ സീറ്റ് കരസ്ഥമാക്കുക. തുടര്‍ന്ന് ബാഗുകള്‍ ശരിയാക്കിവെയ്ക്കാനെന്ന വ്യാജേന ഇയാള്‍ അഭിനയിക്കുകയും ഇതിനിടെ സഹയാത്രികരുടെ ബാഗില്‍നിന്ന് വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതുമാണ് പതിവ്.
കഴിഞ്ഞമാസം രാജേഷിന്റെ കവര്‍ച്ചയ്ക്കിരയായ സ്ത്രീ ഡല്‍ഹിയില്‍നിന്നുള്ള കണക്ടിങ് ഫ്‌ളൈറ്റില്‍ യാത്രചെയ്യാനെത്തിയവരായിരുന്നു. യു.എസിലേക്ക് പോകാനായാണ് ഇവര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലേക്കുള്ള ഈ യാത്രയ്ക്കിടെയാണ് ഇവര്‍ കവര്‍ച്ചയ്ക്കിരയായത്. മോഷണപരാതി നല്‍കിയ യു.എസില്‍ താമസക്കാരനായ മറ്റൊരാളും സമാനമായി കണക്ടിങ് ഫ്‌ളൈറ്റിനായാണ് ഡല്‍ഹിയിലെത്തിയത്.
നമ്പറും വ്യാജം, നിര്‍ണായകമായി സിസിടിവി
അതീവസുരക്ഷയുള്ള വിമാനത്താവളങ്ങളില്‍ യാത്രയ്ക്കാര്‍ കവര്‍ച്ചയ്ക്കിരയായെന്ന പരാതി വന്നതോടെ ഡല്‍ഹി പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. ഡല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് രാജേഷ് കപൂറിനെ തിരിച്ചറിഞ്ഞത്. ഇയാള്‍ യാത്രചെയ്ത വിമാനക്കമ്പനിയില്‍നിന്ന് പ്രതിയുടെ മൊബൈല്‍ഫോണ്‍ നമ്പറടക്കം ലഭ്യമാക്കിയെങ്കിലും ഇത് വ്യാജമായിരുന്നു. മറ്റൊരാളുടെ മൊബൈല്‍ നമ്പറാണ് ഇയാള്‍ ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ പഹാഡ്ഗഞ്ചിലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളിയുമാണ് പോലീസ് കണ്ടെടുത്തത്. ഇതെല്ലാം മോഷണമുതലുകളായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളില്‍ പലതും പലതവണകളായി വിറ്റഴിച്ചെന്ന് പ്രതി മൊഴിനല്‍കിയിട്ടുണ്ട്. കരോള്‍ ബാഗിലെ ജൂവലറി ഉടമയായ ശരദ് ജെയിന്‍ എന്നയാള്‍ക്കാണ് ആഭരണങ്ങള്‍ വിറ്റിരുന്നതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
