ആഴ്‌സണൽ ടീം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ത്രില്ലിങ് ഫിനിഷിങ്ങിലേക്ക് കടക്കുന്നു. അവസാനറൗണ്ടിൽ ഫൈനൽ വിസിൽ മുഴങ്ങുംവരെ ആരു കിരീടംനേടുമെന്ന ആകാംക്ഷ നിലനിർത്തുന്ന സാഹചര്യമാണ് ഇക്കുറി. ഒരു മത്സരം ബാക്കിയുള്ള ആഴ്‌സനലിന് 86 പോയിന്റും രണ്ടുകളി ബാക്കിയുള്ള മാഞ്ചെസ്റ്റർ സിറ്റിക്ക് 85 പോയിന്റുമുണ്ട്. രണ്ടു ടീമിനും കപ്പുയർത്താൻ സാധ്യത നിലനിൽക്കുന്നു.

രണ്ടു കളിയും ജയിച്ചാൽ മാഞ്ചെസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പാകും. മറിച്ചാണെങ്കിൽ ആഴ്‌സനലിന്റെ മത്സരഫലമാകും കിരീടജേതാക്കളെ നിശ്ചയിക്കുന്നത്. അവസാനം കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച് ഇരുടീമുകളും മികച്ചഫോമിലാണ്. ആഴ്‌സനലിനെ പരിശീലിപ്പിക്കുന്ന മൈക്കൽ അർട്ടേറ്റ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ്പ് ഗാർഡിയോളയുടെ ശിഷ്യനാണെന്ന പ്രത്യേകതയുമുണ്ട്.

സിറ്റിക്ക് ഇനി ടോട്ടനം, വെസ്റ്റ്ഹാം ടീമുകളോടാണ് ഏറ്റുമുട്ടേണ്ടത്. ഇതിൽ ടോട്ടനം കടുത്ത എതിരാളിയാണ്. ആഴ്‌സനലിന് എവർട്ടണാണ് എതിരാളി. അവസാന അഞ്ചുകളികളിലും തോൽക്കാത്ത ടീമാണ് എവർട്ടൺ. സിറ്റി എട്ടാം കിരീടം ലക്ഷ്യമിടുന്നു. ഒപ്പം തുടർച്ചയായ നാലാം ചാമ്പ്യൻപട്ടവും. ആഴ്‌സനൽ 2003-04 സീസണിനുശേഷമുള്ള ആദ്യകിരീടം മോഹിക്കുന്നു.

ഗോൾവേട്ടയിൽ ഹാളണ്ട്

ലീഗിലെ ടോപ് സ്‌കോറർ പട്ടം സിറ്റിയുടെ എർലിങ് ഹാളണ്ട് ഏതാണ്ടുറപ്പിച്ചു. നോർവേ താരത്തിന് 25 ഗോളുണ്ട്. ചെൽസിയുടെ കോൾ പാൽമർ 21 ഗോളുമായി രണ്ടാമതുണ്ട്. രണ്ടുകളി ശേഷിക്കുന്നതിനാൽ പാൽമറിന് ഹാളണ്ടിനെ മറികടക്കാൻ അവസരമുണ്ട്. ന്യൂകാസിലിന്റെ അലക്‌സാണ്ടർ ഐസക് 20 ഗോളുമായി മൂന്നാമതുണ്ട്.