പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടരുന്ന പോളിങ് ശതമാനത്തിലെ ഇടിവ് നാലാംഘട്ടത്തിലും ഉണ്ടായെങ്കിലും വിടവ് കുറഞ്ഞു. 96 ലോക്‌സഭാമണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന നാലാംഘട്ടവോട്ടെടുപ്പില്‍ 67.71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നാലാംഘട്ടത്തില്‍ വിടവ് കുറഞ്ഞിട്ടുണ്ട്. 2019-ല്‍ ഈ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 68.8 ശതമാനമായിരുന്നു പോളിങ്. ഒരു ശതമാനത്തോളം വോട്ടിന്റെ കുറവെ ഇത്തവണ ഉണ്ടായിട്ടുള്ളൂ.
അതേ സമയം 102 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 2019നെ അപേക്ഷിച്ച് നാലു ശതമാനത്തിനടുത്ത് വ്യത്യാസം ഉണ്ടായിരുന്നു. 66.14 ശതമാനമായിരുന്നു ഒന്നാംഘട്ടത്തിലെ ഇത്തവണത്തെ പോളിങ്. 2019-ല്‍ 69.89 ശതമാനം പോളിങാണ് ഈ സീറ്റുകളില്‍ രേഖപ്പെടുത്തിയത്. 88 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇത്തവണ 66.71 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ല്‍ 69.64 ശതമാനമായിരുന്നു പോളിങ്. മൂന്ന് ശതമാനത്തിനടുത്താണ് പോളിങിലെ വ്യത്യാസം. 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാംഘട്ടത്തില്‍ 65.68 ശതമാനമായിരുന്നു പോളിങ്. 2019-നെ അപേക്ഷിച്ച് ഒന്നര ശതമാനത്തിലേറെ വ്യത്യാസമുണ്ട്.
കാലവസ്ഥയും നഗരപരിധിയിലെ വോട്ടര്‍മാരുടെ താത്പര്യമില്ലായ്മയുമാണ് പോളിങ് ശതമാനത്തിലെ കുറവിന് പ്രധാന കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ടുഘട്ടത്തില്‍ പോളിങ് ശതമാനത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതിന പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും പോളിങ് ശതമാനത്തിലെ വിടവ് കുറഞ്ഞ് വരുന്നതും കമ്മിഷന്‍ ആശ്വാസം നല്‍കുന്നു.
അതേ സമയം ഏഴുഘട്ടങ്ങളിലായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ 69.8 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 543 സീറ്റുകളില്‍ 379 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്.
ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പോളിങ് പൂര്‍ത്തിയായി. ഇവയ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, പുതുച്ചേരി സ്ഥലങ്ങളിലെയുമായി 131 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതിനോടകം 19 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതുവരെ തിരഞ്ഞെടുപ്പ് നടക്കാത്ത ഹരിയാണ, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുംഘട്ടങ്ങളില്‍ പ്രധാനമായുമുള്ളത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തോടെ പൂര്‍ത്തിയാകും.
ഏഴുഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി., ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇനിയും പകുതിയോളം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്.
