Screengrab Courtesy: Youtube.com/Zee Tamil News

ചെന്നൈ: പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേര്‍ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. നരേഷ് (24), കൃഷ്ണ (19), ശങ്കര്‍കുമാര്‍ (19) എന്നിവര്‍ അറസ്റ്റിലായി.

ഞായറാഴ്ച രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു.

പിന്നീട് ഇവര്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഉദയകുമാര്‍ പള്ളിക്കരണിയിലുള്ള സ്വകാര്യ കോളേജില്‍ എം.ബി.എ. വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞദിവസം ബൈക്ക് പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ട് ഉദയകുമാറും നരേഷും തമ്മില്‍ തര്‍ക്കമുണ്ടായി. വാഗ്വാദത്തിനൊടുവില്‍ നരേഷിനെ ഉദയകുമാര്‍ മര്‍ദിച്ചു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്നാണ് പോലീസ് നിഗമനം.