കഴക്കൂട്ടം – ആക്കുളം ബൈപാസിലാണ് ബൈക്ക് അഭ്യാസം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരം: നഗരത്തില്‍ അരങ്ങുവാഴുന്ന ബൈക്ക് അഭ്യാസങ്ങൾക്ക് പൂട്ടിടാനാവാതെ അധികൃതർ. ബൈക്ക് അഭ്യാസത്തിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും എം.വി.ഡി. ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതികളുണ്ട്.

ഈയിടെ കഴക്കൂട്ടം – ആക്കുളം ബൈപാസിലാണ് ബൈക്ക് അഭ്യാസം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബൈക്ക് അഭ്യാസം നടത്തിയവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരത്ത് തിരക്കേറിയ റോഡില്‍ ബൈക്ക് അഭ്യാസം നടത്തുന്നത് പലപ്പോഴായി മാധ്യമ വാര്‍ത്തകളാകുന്നതാണ്. അതുമൂലം അപകടവും ജീവഹാനിയുമുണ്ടാകുമ്പോഴാണ് പോലീസും എംവിഡിയും കടുത്ത നടപടിക്ക് തയ്യാറാകുക. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ പിഴ ഈടാക്കി വിട്ടയയ്ക്കുകയാണ് സാധാരണ ചെയ്തുവരുന്നത്.

അപകടകരമായ ഡ്രൈവിങ്ങിന് പിഴ അടച്ചാലും ഇതിന്റെ ദൃശ്യങ്ങള്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് പിന്‍വലിക്കാറില്ല. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്, തുടര്‍ന്നും നിയമലംഘനങ്ങള്‍ക്ക് പ്രേരണയാകുന്നുമുണ്ട്.