Photo: twitter.com/IPL

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ഒരു പന്തുപോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായിരിക്കുകയാണ് ഗുജറാത്ത്.

12 മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് മാത്രമുണ്ടായിരുന്ന ഗുജറാത്തിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിലയ മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെത്താന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ഇതോടെ ഇനി അടുത്ത മത്സരം ജയിച്ചാലും ഗുജറാത്തിന് ആദ്യ നാലിലെത്താന്‍ സാധിക്കില്ല.

മത്സരം ഉപേക്ഷിച്ചതോടെ 13 കളികളില്‍ നിന്ന് 19 പോയന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 കളികളില്‍ നിന്ന് 11 പോയന്റ് മാത്രമുള്ള ഗുജറാത്ത് എട്ടാമതും. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് ഗുജറാത്തിന്റെ അവസാന ലീഗ് മത്സരം. 2022-ലെ അരങ്ങേറ്റ സീസണില്‍ കിരീടം നേടിയ ഗുജറാത്ത്. 2023 സീസണില്‍ റണ്ണറപ്പുകളായിരുന്നു.