ജയ, പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മ മരിച്ച നിലയില്‍. മാറനല്ലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-നായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുന്നത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ സമീപവാസികളെ വിവരമറിയിച്ചു. ഈ സമയം ഇവരുടെ മകന്‍ ബിജു എന്ന് വിളിക്കുന്ന അപ്പു (35) വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും അറിയിക്കുകയായിരുന്നു.

മദ്യപാനിയായ മകന്‍ മര്‍ദിച്ച് ജയയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. മകന്റെ മര്‍ദ്ദനമേറ്റാണോ മരിച്ചത് എന്ന സംശയത്തേ തുടര്‍ന്ന് മാറാനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടല്‍ ബഹളമുണ്ടാക്കുകയും ജയയെ മര്‍ദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. നാട്ടുകാരുടെ മൊഴി പോലീസ് ശേഖരിച്ചു വരുന്നു. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.