Photo: PTI

ന്യൂഡല്‍ഹി: ഐപിഎല്‍ 17-ാം സീസണില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ നിര്‍ണായക മത്സരങ്ങള്‍ക്കിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും രാജസ്ഥാൻ റോയല്‍സിനും കനത്ത തിരിച്ചടി. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി.

ഐപിഎല്ലില്‍ അഞ്ച് തുടര്‍ജയങ്ങളോടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ആര്‍സിബിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന മത്സരം നിര്‍ണായകമാണ്. എന്നാല്‍ അതിനു മുമ്പ് വില്‍ ജാക്ക്‌സും റീസ് ടോപ്ലിയും മടങ്ങിയത് ആര്‍സിബിക്ക് തിരിച്ചടിയാകുകയാണ്.

സഞ്ജു സാംസന്റെ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ സേവനമാണ് നഷ്ടമായത്. ഇംഗ്ലീഷ് താരങ്ങളെല്ലാം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫിലും ബട്ട്‌ലറുടെ സേവനം ലഭ്യമല്ലാതാകുന്നതോടെ രാജസ്ഥാന് പുതിയ ഒരു ഓപ്പണറെ കൂടി പരീക്ഷിക്കേണ്ടതായി വരും. ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ചുറികള്‍ നേടിയ ബട്ട്ലറുടെ മടക്കം രാജസ്ഥാന്റെ കിരീടമോഹങ്ങള്‍ക്കടക്കം മങ്ങലേല്‍പ്പിക്കും. മറ്റ് ടീമുകള്‍ക്കും താരങ്ങളുടെ മടക്കം തിരിച്ചടിയാണ്. കൊല്‍ക്കത്തയ്ക്ക് മികച്ച ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിനെ നഷ്ടമാകും.

പഞ്ചാബ് കിങ്‌സിന് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച സാം കറനെയും ലാം ലിവിങ്സ്റ്റണെയും ജോണി ബെയര്‍സ്‌റ്റോയെയും നഷ്ടമാകുമെങ്കിലും ടീം ഇതിനകംതന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ വലിയ വെല്ലുവിളിയാവില്ല. പ്ലേഓഫ് പ്രതീക്ഷ സജീവമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മോയിന്‍ അലിയുടെ സാന്നിധ്യവും നഷ്ടപ്പെടും.

ടി 20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ടൂര്‍ണമെന്റിനു മുമ്പായി പാകിസ്താനുമായി ഇംഗ്ലണ്ടിന് ടി20 പരമ്പര കളിക്കാനുണ്ട്. ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായ ഈ പരമ്പരയില്‍ കളിക്കാനാണ് ബോര്‍ഡ് താരങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നത്.

മേയ് 22-നാണ് പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പര ആരംഭിക്കുന്നത്. അതിനു മുമ്പുതന്നെ താരങ്ങള്‍ക്ക് ഇംഗ്ലീഷ് ക്യാമ്പില്‍ എത്തേണ്ടതുണ്ട്. മേയ് 21-നാണ് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പാകിസ്താനെതിരായ പരമ്പരയ്ക്കു ശേഷം ലോകകപ്പിനായി ഇംഗ്ലണ്ട് ടീം മേയ് 31-ന് വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. ജൂണ്‍ നാലിന് സ്‌കോട്ട്ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം. നിലവിലെ ജേതാക്കളാണ് ഇംഗ്ലണ്ട്.