മുംബൈയുടെ ജസ്പ്രീത് ബുംറയും കൊൽക്കത്തയുടെ മിച്ചൽ സ്റ്റാർക്കും | Photo: AP, PTI
ബാറ്റര്‍മാരുടെ വിഹാരരംഗമാണ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍. അവിടെ, വേട്ടക്കാരനുമുന്നില്‍ അകപ്പെടുന്ന ഇരയുടെ അവസ്ഥയിലാണ് ബൗളര്‍മാര്‍. ഐ.പി.എല്‍. 17-ാം സീസണിലെ ബൗളര്‍മാര്‍ ശരിക്കും അതനുഭവിക്കുന്നുണ്ട്. ബാറ്റര്‍മാരുടെ പ്രഹരത്തില്‍ വലഞ്ഞിരിക്കുകയാണ് പത്തു ടീമുകളിലെയും ബൗളര്‍മാര്‍. ഫ്‌ളാറ്റ് പിച്ചുകളൊരുക്കിയതാണ് ഇങ്ങനെ റണ്‍സൊഴുകാന്‍ കാരണം.
200
58 മത്സരം പിന്നിട്ട ഐ.പി.എലില്‍ 35 തവണയും ടീം സ്‌കോര്‍ ഇരുനൂറോ അതിനുമുകളിലോ എത്തി. എട്ടുതവണ സ്‌കോര്‍ 250 കടന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് ആറുതവണയാണ് 200-നുമുകളില്‍ സ്‌കോര്‍ചെയ്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (അഞ്ചുവീതം), ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് (നാലുവീതം) മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് (മൂന്നുവീതം), പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് (രണ്ടുവീതം), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ഒന്ന്) എന്നിങ്ങനെയാണ് 200 കടന്നത്. കഴിഞ്ഞ 16 സീസണുകളില്‍ ഒരേയൊരു തവണയാണ് സ്‌കോര്‍ 250 കടന്നത്. 2013-ല്‍ പുണെ വാരിയേഴ്‌സിനെതിരേ ബെംഗളൂരു 263 റണ്‍സ് നേടിയിരുന്നു.
500
ഈ സീസണില്‍ രണ്ടിന്നിങ്‌സിലുമായി ടീമുകള്‍ നാലുതവണ 500 റണ്‍സിനുമുകളില്‍ സ്‌കോര്‍ ചെയ്തു. ബെംഗളൂരു-ഹൈദരാബാദ് മത്സരത്തില്‍ 549 റണ്‍സാണ് രണ്ടുടീമുംകൂടി അടിച്ചെടുത്തത്.
500 കടന്ന മറ്റു മത്സരങ്ങള്‍
കൊല്‍ക്കത്ത-പഞ്ചാബ് – 523
ഹൈദരാബാദ്-മുംബൈ – 523
ഡല്‍ഹി-മുംബൈ – 504
സ്റ്റാർക് – 385
24.75 കോടിക്ക് കൊല്‍ക്കത്ത ടീമിലെടുത്ത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബാറ്റര്‍മാര്‍ അടിച്ചൊതുക്കി. പത്ത് കളിയില്‍ 33.5 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 11.37 എക്കണോമിയില്‍ വഴങ്ങിയത് 385 റണ്‍സ്. ലഖ്നൗവിന്റെ യാഷ് ഠാക്കൂര്‍ 10 കളിയിലെ 35.3 ഓവറില്‍ 402 റണ്‍സ് വിട്ടുകൊടുത്തു (എക്കണോമി 11.32). ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മ 11 കളിയിലെ 35 ഓവറില്‍ 394 റണ്‍സ് (എക്കണോമി 11.25) വഴങ്ങി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങിയ മോഹിത് ഐ.പി.എല്‍. ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി.
ബുംറ – 6.20
തല്ലുവാങ്ങി വശംകെട്ട ബൗളര്‍മാര്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രണ്ടുപേരുണ്ട്. മുംബൈയുടെ ജസ്പ്രീത് ബുംറയും കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും. 12 മത്സരങ്ങളില്‍ 47.5 ഓവര്‍ എറിഞ്ഞ ബുംറയുടെ എക്കോണമി 6.20 ആണ്. 297 റണ്‍സ് വിട്ടുകൊടുത്ത താരം 18 വിക്കറ്റുമായി പട്ടികയില്‍ മുന്നില്‍നില്‍ക്കുന്നു. 11 കളിയില്‍ 44 ഓവര്‍ എറിഞ്ഞ നരെയ്ന്‍ 6.61 ഇക്കോണമിയില്‍ 291 റണ്‍സ് വഴങ്ങി 14 വിക്കറ്റ് നേടി.
