Photo: AFP

പാരീസ്: ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിടുമെന്ന് സ്ഥിരീകരിച്ച് കിലിയന്‍ എംബാപ്പെ. തന്റെ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന് ഉറപ്പായി.

”സമയമാകുമ്പോള്‍ ഞാന്‍ നിങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയുമെന്ന് പറഞ്ഞിരുന്നു. പിഎസ്ജിയില്‍ എന്റെ അവസാന വര്‍ഷമാണിത്. ഞാന്‍ കരാര്‍ നീട്ടില്ല, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ യാത്ര അവസാനിക്കും.” – താരം വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിഎസ്ജിയില്‍ താരത്തിന്റെ അവസാന മത്സരം കഴിയുന്നതോടെ റയല്‍ എംബാപ്പെയെ ടീമിലെടുക്കുന്നതിമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തിയേക്കും.

നിലവില്‍ താരത്തിന് പിഎസ്ജിയില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ കുറവായിരിക്കും റയലില്‍ ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യൂറോപ്പില്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് പിഎസ്ജി എംബാപ്പെയ്ക്ക് നല്‍കുന്നത്. ഇത്രയും ഉയര്‍ന്ന വേതനം നല്‍കാന്‍ റയല്‍ തയ്യാറല്ല. എന്നാല്‍ വേതനം കുറച്ച് സ്പാനിഷ് ക്ലബ്ബിന്റെ ഭാഗമാകാന്‍ എംബാപ്പെ സമ്മതിക്കുകയായിരുന്നു.

എംബാപ്പെയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റയല്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അവര്‍ താരവുമായി കരാറിന്റെ വക്കിലെത്തിയിരുന്നു. താരത്തെ പിഎസ്ജിയില്‍ തന്നെ നിര്‍ത്താന്‍ ഉടമകള്‍ എല്ലാ ശ്രമങ്ങളും നടത്തി. ഇതിനിടെ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടാനുള്ള എംബാപ്പെയുടെ നീക്കം താരവും ക്ലബ്ബും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നയിച്ചു. ഒടുവില്‍ അവസാന നിമിഷം പിഎസ്ജി ഉയര്‍ന്ന തുകയ്ക്ക് പുതിയ കരാര്‍ നല്‍കി താരത്തെ ക്ലബ്ബില്‍ തന്നെ നിര്‍ത്തുകയായിരുന്നു.

2017-ല്‍ മൊണോക്കോയില്‍ നിന്നാണ് പിഎസ്ജി എംബാപ്പെയെ ടീമിലെത്തിക്കുന്നത്. നിലവില്‍ 255 ഗോളുകളുമായി ഫ്രഞ്ച് ക്ലബ്ബിന്റെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാണ് എംബാപ്പെ. പിഎസ്ജിക്കൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് താരം ക്ലബ്ബ് വിടുന്നത്. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ ക്ലബ്ബ്, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനോട് തോറ്റുപുറത്തായിരുന്നു.