Photo | ANI

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഓപ്പണര്‍മാര്‍ സാന്റ്നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ 14 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ 58 റണ്‍സെടുത്തു. പത്ത് ഓവറായപ്പോഴേക്ക് 107 റണ്‍സായി.

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും വെടിക്കെട്ട് ഇന്നിങ്‌സിനുമേല്‍ ആധിപത്യം കൈവരുത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായില്ല. ഗുജറാത്ത് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഇതോടെ ഗുജറാത്തിന് 35 റണ്‍സ് ജയം.

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുക ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും മതിലുകണക്കെ നിന്ന് സെഞ്ചുറി കുറിച്ചപ്പോള്‍ ഗുജറാത്ത് ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 210 റണ്‍സ്. ഐ.പി.എല്‍. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി ഗില്ലിന്റെയും സുദര്‍ശന്റെയും പേരുകളില്‍ നിലനില്‍ക്കും.

മറുപടിയായി ചെന്നൈക്ക് വേണ്ടി ഡറില്‍ മിച്ചലും (34 പന്തില്‍ 63) മോയിന്‍ അലിയും (36 പന്തില്‍ 56) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. അവസാന ഓവറുകളിലെത്തി തകര്‍ത്തുകളിക്കുന്ന ധോനി ഇന്നും ഗാലറിയെ ആവേശത്തിലാഴ്ത്തി. 11പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സുമായി പുറത്താവാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരെ പൊളിക്കാന്‍ ചെന്നൈക്ക് എറിയേണ്ടി വന്നത് 17 ഓവറുകള്‍. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ 18-ാം ഓവറില്‍ സായ് സുദര്‍ശനാണ് ആദ്യം മടങ്ങിയത്. 51 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ചേര്‍ത്ത് 103 റണ്‍സാണ് സുദര്‍ശന്‍ അപ്പോഴേക്ക് അടിച്ചെടുത്തത്. ടീം സ്‌കോര്‍ 210-ല്‍ നില്‍ക്കേയാണ് ആദ്യത്തെ ആ വിക്കറ്റ് വീണത്.

അതേ ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി. ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് സുദര്‍ശന്‍ മടങ്ങിയതെങ്കില്‍, രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ചായാണ് ഗില്‍ പുറത്തായത്. 55 പന്തില്‍ ആറ് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 104 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. സിമര്‍ജീത് സിങ്ങെറിഞ്ഞ 17-ാം ഓവറിലാണ് ഇരുവരുടെയും സെഞ്ചുറി പിറന്നത്. ഡേവിഡ് മില്ലര്‍ (11 പന്തില്‍ 16) ഷാരൂഖ് ഖാന്‍ (മൂന്ന് പന്തില്‍ രണ്ട്) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഓപ്പണര്‍മാര്‍ സാന്റ്‌നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ 14 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ 58 റണ്‍സെടുത്തു. പത്ത് ഓവറായപ്പോഴേക്ക് 107 റണ്‍സായി. ചെന്നൈ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒരു ഘട്ടത്തില്‍ 23 പന്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്ന സുദര്‍ശനാണ് പിന്നീട് 51 പന്തില്‍ 103 എന്ന നിലയിലേക്ക് കുതിച്ചുചാട്ടം നടത്തിയത്. അര്‍ധ സെഞ്ചുറിയില്‍നിന്ന് സെഞ്ചുറിയിലെത്താന്‍ എടുത്തത് വെറും 18 പന്തുകള്‍.

ശുഭ്മാന്‍ ഗില്‍ 25 പന്തുകളില്‍നിന്ന് ഫിഫ്റ്റിയും അടുത്ത 25 പന്തുകളില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. സിമര്‍ജീത് സിങ്ങിന്റെ 11-ാം ഓവറില്‍ ഇരുവരും മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് നേടി. ഐ.പി.എലില്‍ ഗില്ലിന്റെ ആറാം സെഞ്ചുറിയാണിത്. ഒന്‍പത് സെഞ്ചുറികള്‍ നേടിയ കോലിയും എട്ടെണ്ണം നേടിയ രോഹിത്തുമാണ് മുന്നിലുള്ളത്. ഗെയ്ക്‌വാദ്, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ആറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 15 ഓവറില്‍ 190 റണ്‍സെടുത്ത ടീം പക്ഷേ, അവസാന ഓവറുകളില്‍ വലിയ ഇന്നിങ്‌സ് കളിച്ചില്ല. തുടര്‍ന്നുള്ള അഞ്ചോവറുകളില്‍ 41 റണ്‍സേ നേടിയുള്ളൂ.

തുടക്കവും ഒടുക്കവും തകര്‍ച്ചയോടെ

മൂന്ന് ഓവറിനു മുന്‍പ് പത്ത് റണ്‍സിനിടെത്തന്നെ ചെന്നൈയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിരുന്നു. അജിങ്ക്യ രഹാനെ (1), രചിന്‍ രവീന്ദ്ര (1), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം) എന്നിവര്‍ വീണതോടെ ചെന്നൈയുടെ വിധി ഏതാണ്ട് നിര്‍ണയിക്കപ്പെട്ടു. അവസാന ഓവറുകളില്‍ നാല് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീണതും ചെന്നൈയെ തളര്‍ത്തി.

നാലാം വിക്കറ്റില്‍ ഡറില്‍ മിച്ചലും മോയിന്‍ അലിയും ചേര്‍ന്ന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ടീം സ്‌കോര്‍ 119-ല്‍ നില്‍ക്കേ, കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീടെത്തിയ ശിവം ദുബെ (13 പന്തില്‍ 21), രവീന്ദ്ര ജഡേജ (10 പന്തില്‍ 18) എന്നിവര്‍ക്കും മത്സരഫലം അനുകൂലമാക്കാനായില്ല. നാലോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് ചെന്നൈയെ തകര്‍ത്തത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകളും ഉമേഷ് യാദവ്, സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.