Photo: twitter.com/IPL

കോലി ഓപ്പണ്‍ ചെയ്താല്‍ മലയാളികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം രോഹിത്തിനൊപ്പം കോലി ഓപ്പണറായാല്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലെത്താന്‍ അവസരമൊരുങ്ങും

സ്‌ട്രൈക്ക് റേറ്റ് ഇത് പോര, സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ച് കളിക്കാനാകുന്നില്ല, പവര്‍പ്ലേ കഴിഞ്ഞാല്‍ പിന്നെ ബാറ്റിങ് ഇഴയുന്നു തുടങ്ങിയ പലവിധ പരാതികളാണ് വിരാട് കോലിയെ കുറിച്ച് ഓരോ ഐപിഎല്‍ മത്സരങ്ങള്‍ കഴിയും തോറും നമ്മുടെ പരമ്പരാഗത ക്രിക്കറ്റ് പണ്ഡിതര്‍ക്ക് പറയാനുള്ളത്. വിമര്‍ശകര്‍ ഒരു ഭാഗത്ത് അവരുടെ പണിയെടുക്കുമ്പോള്‍ മറുഭാഗത്ത് കോലിയുടെ ബാറ്റ് അവര്‍ക്കുള്ള മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

12 മത്സരങ്ങളില്‍ നിന്നായി 70.44 ശരാശരിയില്‍ 634 റണ്‍സുമായി കോലി തന്നെ ഇത്തവണത്തെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 153.51 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റിങ്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് നേട്ടം. പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ 47 പന്തില്‍ നിന്ന് 92 റണ്‍സടിച്ചത് 195.74 സ്‌ട്രൈക്ക് റേറ്റില്‍. ആറ് സിക്‌സും ഏഴ് ഫോറുമടങ്ങുന്ന ഇന്നിങ്‌സ്. ‘നെര്‍വസ് നയന്റീസില്‍’ നെര്‍വസാകാതെ സിക്‌സറിലൂടെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകല്‍. 32 പന്തില്‍ നിന്ന് 50 തികച്ച കോലി പിന്നീടുള്ള 15 പന്തില്‍ നിന്ന് അടിച്ചെടുത്തത് 40 റണ്‍സാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറയുന്നതിനൊപ്പം തന്നെ ഏതാനും ദിവസങ്ങള്‍ അകലെയുള്ള ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രതീക്ഷകളെക്കൂടി വാനോളമുയര്‍ത്തുകയുമാണ് കോലി.

കഴിഞ്ഞ ദിവസത്തെ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ പഞ്ചാബിനെതിരേ 1000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. ഐപിഎല്ലില്‍ മൂന്ന് ടീമുകള്‍ക്കെതിരേ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ കോലിക്ക് സ്വന്തമായി. ചെന്നൈക്കെതിരേയും ഡല്‍ഹിക്കെതിരേയും കോലി 1000 റണ്‍സ് നേടിയിട്ടുണ്ട്.

വിമര്‍ശകര്‍ ഒരു വശത്ത് നാവാട്ടം തുടരുമ്പോള്‍ ഐപിഎല്‍ സീസണില്‍ നാലാം തവണയും 600 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്ത് കോലി ഓറഞ്ച് ക്യാപ്പ് തലയിലണിഞ്ഞു നില്‍ക്കുകയാണ്. സ്‌ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കോലിക്ക് കൃത്യമായ മറുപടിയുണ്ട്. ടീമിന് ആവശ്യമുള്ളപ്പോള്‍ ആവശ്യമായ രീതിയില്‍ കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കോലി പറയുന്നു. മറ്റ് ആര്‍സിബി ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുമ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുന്ന കോലി, സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച് വിക്കറ്റ് കളയണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 72 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത കോലിയുടെ ഇന്നിങ്‌സാണ് ഏറ്റവും പഴികേട്ടത്. 67 പന്തില്‍ നിന്നായിരുന്നു ഈ മത്സരത്തില്‍ കോലിയുടെ സെഞ്ചുറി. സ്പിന്നര്‍മാര്‍ക്കെതിരായ ദൗര്‍ബല്യവും പവര്‍പ്ലേ കഴിഞ്ഞാല്‍ അടിച്ചുതകര്‍ത്ത് സ്‌കോര്‍ ഉയര്‍ത്താനാകുന്നില്ലെന്നുമുള്ള പഴി പിന്നാലെയെത്തി.

ഇത്തവണത്തെ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് കോലി. 12 മത്സരങ്ങളിലായി 30 സിക്‌സറുകള്‍. 55 ഫോറുകളുമായി ആ പട്ടികയില്‍ മൂന്നാം സ്ഥാനത്തും. ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും കോലിക്കുതന്നെ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ കോലിയുടെ സ്‌കോറുകള്‍ നോക്കൂ. ഗുജറാത്തിനെതിരേ അഹമ്മദാബദില്‍ 44 പന്തില്‍ നിന്ന് 70, അവര്‍ക്കെതിരേ തന്നെ ബെംഗളൂരുവില്‍ 27 പന്തില്‍ നിന്ന് 42, ഇപ്പോള്‍ പഞ്ചാബിനെതിരേ 47 പന്തില്‍ 92. ഓരോ ഇന്നിങ്‌സിലും മെല്ലെപ്പോക്കിനെയും സ്‌ട്രൈക്ക് റേറ്റിനെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുണ്ട്.

പഞ്ചാബ് ക്യാപ്റ്റന്‍ സാം കറനെ ഒരു സ്ലോഗ് സ്വീപ്പിലൂടെ 94 മീറ്റര്‍ അപ്പുറത്തേക്ക് പറത്തിയ കോലിയുടെ ഷോട്ട് ഒരു അടയാളപ്പെടുത്തലാണ്. പാര്‍ട് ടൈം സ്പിന്നര്‍ ലിയാം ലിവിങ്സ്റ്റണെയും ഇത്തരത്തില്‍ സ്ലോഗ് സ്വീപ്പിലൂടെ കോലി ഗാലറിയിലെത്തിച്ചിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരായ ദൗര്‍ബല്യം മറികടക്കാന്‍ ഇപ്പോള്‍ കോലി ഉപയോഗിക്കുന്നതാണ് സ്ലോഗ് സ്വീപ്പ്. 2016 തൊട്ട് കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് കോലി യഥേഷ്ടം കളിച്ചിരുന്നതായിരുന്നു അത്. സ്പിന്നര്‍മാര്‍ക്കെതിരേയും മീഡിയം പേസര്‍മാര്‍ക്കെതിരേയും കോലി സ്ഥിരമായി പുറത്തെടുത്തിരുന്ന ആയുധം. പിന്നീട് ടി20-യിലടക്കം കുറേക്കാലം കോലി ആ ഷോട്ട് അധികം കളിക്കുന്നത് കണ്ടിട്ടില്ല. എന്നാലിപ്പോള്‍ സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന പറച്ചിലുകള്‍ക്കിടെ കോലി തന്റെ ആ പഴയ ആയുധം പൊടിതട്ടിയെടുത്തിരിക്കുന്നു.

ആര്‍സിബിക്കായി ഓപ്പണറായി തകര്‍ത്തുകളിക്കുന്ന കോലി ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യട്ടേ എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. അത്ര ഫോമിലല്ലാത്ത യശസ്വി ജയ്‌സ്വാളിന് പകരം രോഹിത് ശര്‍മയ്ക്ക് പറ്റിയ ഓപ്പണിങ് പങ്കാളി കോലി തന്നെയാണെന്ന് ആരാധകര്‍ പറഞ്ഞുവെയ്ക്കുന്നു. കോലി ഓപ്പണ്‍ ചെയ്താല്‍ മലയാളികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം രോഹിത്തിനൊപ്പം കോലി ഓപ്പണറായാല്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലെത്താന്‍ അവസരമൊരുങ്ങും. ഒരു ഘട്ടത്തില്‍ കോലിയെ ടി20 ലോകകപ്പ് ടീമില്‍ പോലും എടുക്കരുതെന്ന് മുറവിളികൂട്ടിയിടത്തുനിന്ന് കോലിയില്ലാതെ ഇന്ത്യയ്‌ക്കൊരു ടി20 ടീമില്ല എന്നതരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.